Site iconSite icon Janayugom Online

ഗുജറാത്തില്‍ തന്ത്രങ്ങളുമായി ആംആദ്മി പാര്‍ട്ടി; ബിജെപി പാളയത്തില്‍ ആശങ്ക

പഞ്ചാബിനുശേഷം ഗുജറാത്തില്‍ ആധിപത്യം ഉറപ്പിക്കാനായി ആംആദ്മി പാര്‍ട്ടി സജീവമായിരിക്കുന്നു. അവരുടെ അടുത്തടാര്‍ഗറ്റാണ് ഗുജറാത്ത്തെരഞ്ഞെടുപ്പ്.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്ത് ബിജെപിയുടെ കോട്ടയെന്നാണ് അവര്‍ പറയുന്നത്. ആ കോട്ടയില്‍ ബിജെപിയെ പിടിച്ചുകെട്ടാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.

ഇവിടെ എഎപിക്ക് അനുകൂല സാഹചര്യമുണ്ടെന്ന് നേരത്തെ നടന്ന തിരഞ്ഞെടുപ്പുകള്‍ തെളിയിക്കുകയും ചെയ്തിരിക്കുകയാണ്. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉണ്ടാക്കിയ നേട്ടമാണ് ബിജെപിയെ അടക്കം ഭയപ്പെടുന്നത്. ഏപ്രില്‍ രണ്ടിന് എതിരാളികളെ ഞെട്ടിക്കുന്ന റോഡ്‌ഷോ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചേര്‍ന്ന് അഹമ്മദാബാദില്‍ നടത്തിയിരുന്നു. ഏറ്റവും ഭയപ്പെടുത്തുന്നത് കോണ്‍ഗ്രസിനെയാണ്. തങ്ങളുടെ ഇന്റേണല്‍ സര്‍വേയില്‍ 58 സീറ്റ് നേടുമെന്നാണ് എഎപി അവകാശപ്പെടുന്നത്.

ഇതു ശരിക്കും ബിജെപിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതിലുപരി കോണ്‍ഗ്രസിന്റെ നല്ലൊരു സീറ്റ് ഇല്ലാതാവുമെന്നും ഇതിലൂടെ മനസ്സിലാക്കാം. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാവും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് ഇപ്പോഴും ആര് ജയിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് എതിരാളികള്‍ക്കെതിരെ മുന്‍തൂക്കമുണ്ടെന്ന തരത്തില്‍ എഎപി മുതിര്‍ന്നത്. ഇതിനോടകം തന്നെ ഗുജറാത്തില്‍ എഎപിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ സംസ്ഥാനത്ത് ധാരാളമുണ്ടായി കഴിഞ്ഞു.

ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് പോകുന്നത് കുറയുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ എഎപി നിര്‍ണ്ണായക ശകിയായി മാറും. തിരഞ്ഞെടുപ്പ് തുടങ്ങുന്നത് വരെ ഈ തരംഗം നിലനിര്‍ത്തുക എന്നതാണ് ഇനി എഎപിക്ക് മുന്നിലുള്ള വെല്ലുവിളി. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് വര്‍ഷങ്ങളായി ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. 1998 മുതല്‍ 24 വര്‍ഷമായി ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. 1995ല്‍ ചബില്‍ദാസ് മേത്തയാണ് അവസാനമായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി.2017ല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. 77 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

22 വര്‍ഷത്തിനിടെ ബിജെപിയെ 100 സീറ്റില്‍ താഴെ തളയ്ക്കാനും കോണ്‍ഗ്രസിന് സാധിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണമായിരുന്നു ഇതിന് പ്രധാന കാരണം. 41.4 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി 99 സീറ്റും ഒപ്പം 49.1 ശതമാനം വോട്ടും സ്വന്തമാക്കി. രാഹുല്‍ 22 ദിവസം ഗുജറാത്തില്‍ പ്രചാരണം നടത്തിയിരുന്നു. 150ലധികം റാലികളും പൊതുയോഗങ്ങളുമാണ് രാഹുല്‍ പങ്കെടുത്തത്. രാഹുല്‍ മനസ്സറിഞ്ഞ് അധ്വാനിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. സൗരാഷ്ട്രയിലും നോര്‍ത്ത് ഗുജറാത്തിലും മികച്ച പ്രകടനം തന്നെ കോണ്‍ഗ്രസ് നടത്തി.

കോണ്‍ഗ്രസിന് പിഴച്ചതായിരുന്നില്ല തോല്‍വിക്ക് കാരണം. മറിച്ച് കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളായിരുന്നു ബിജെപിക്ക് സംസ്ഥാനത്താകെ കരുത്ത് പകര്‍ന്നത്. കോണ്‍ഗ്രസിന് ബൂത്ത് തല പരിപാടികള്‍ക്കായി പുറത്ത് നിന്ന് ആളുകളെ എടുക്കേണ്ട അവസ്ഥ വന്നു. 182 സീറ്റിലും ഈ അവസ്ഥയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഈ അവസ്ഥ എഎപി നന്നായി മനസ്സിലാക്കുന്നുണ്ട്. ഈ സ്‌പേസിലേക്കാണ് അവരുടെ വരവ്. കോണ്‍ഗ്രസിന് ബദലായി പലയിടത്തും ജനങ്ങള്‍ എഎപിയെ കണ്ടു തുടങ്ങിയിട്ടുണ്ട്.

ബിജെപിയേക്കാളും എഎപിക്ക് സോഫ്റ്റ് ടാര്‍ഗറ്റ് കോണ്‍ഗ്രസാണ്. സൂറത്തിലെ വിജയം കൂടി വന്നതോടെ എഎപി വന്‍ ശക്തിയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് സൂറത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായിരുന്നു.സംഘടനാപരമായി എഎപി ഗുജറാത്തില്‍ കരുത്താര്‍ജിച്ച് കഴിഞ്ഞു. അതിനൊപ്പം പോലും എത്താനും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. 27 വര്‍ഷത്തോളമായി അധികാരത്തിന് പുറത്ത് നില്‍ക്കുന്നതാണ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തമാക്കുന്നത്.

2017ന് ശേഷം വ്യാപകമായിട്ടാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നത്. 12 പേരാണ് പാര്‍ട്ടി വിട്ട് പോയിട്ടുള്ളത്. പ്രശാന്ത് കിഷോറിനെ ഉപയോഗിച്ച് രംഗം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ സംഘടനയില്ലാതെ പ്രശാന്തിന് ജയിപ്പിക്കാനാവുമോ എന്ന് ഉറപ്പില്ല.

ഗുജറാത്ത് ബിജെപി ഒരിക്കലും കൈവിടാന്‍ ആഗ്രഹിക്കാത്ത സംസ്ഥാനമാണ്. ഇത് ദേശീയതലത്തില്‍ തന്നെ സ്വാധീനിക്കപ്പെടാം. എഎപി ഗുജറാത്തില്‍ പിടിമുറുക്കുന്നതും അതുകൊണ്ടാണ്. സോണിയഗാന്ധിയുടെ രാഷട്രീയകാര്യ ഉപദേശകന്‍ അഹമ്മദ് പട്ടേലിന്‍റെ മകന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേരുന്നതിനുള്ള തയ്യാറെടുപ്പിലാണ്

Eng­lish Summary:Aam Aad­mi Par­ty with strate­gies in Gujarat; Con­cern in the BJP camp

You may also like this video:

Exit mobile version