പതിനഞ്ച് വര്‍ഷമായി തുടര്‍ന്ന മുനിസിപ്പല്‍ ഭരണം കൈവിട്ടതിന്റെ നഷ്ടബോധം തീരാതെ ബിജെപി ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ രണ്ടാംവട്ടവും അലങ്കോലമാക്കി. എംസിഡിയുടെ പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗവും എഎപി-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ചു.
അംഗങ്ങളുടെ സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ എഎപി-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചു. സഭ ഇതോടെ അനിശ്ചിതകാലത്തേക്ക് വീണ്ടും പിരിഞ്ഞു. എഎപി അധികാരമേറ്റെടുക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപി അംഗങ്ങളുടെ പേരുകള്‍ സത്യപ്രതിജ്ഞക്കായി ഇടക്കാല സ്പീക്കര്‍ സത്യ ശര്‍മ്മ വിളിക്കുമ്പോള്‍ എഎപി അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മോഡി, മോഡി, ജയ് ശ്രീറാം മുദ്രാവാക്യംവിളികളുമായി ബിജെപി അംഗങ്ങള്‍ മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞസമ്മേളനത്തിന്റെ തുടര്‍ച്ചയായി കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സ്പീക്കര്‍ സമ്മേളനം പിരിയുന്നതായി അറിയിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിവിക് സെന്ററില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
English Summary: AAP-BJP conflict: Delhi mayoral election postponed again
You may also like this video

