മരണ ശേഷം ബന്ധുക്കൾ ഉപേക്ഷിച്ച ശാരദയുടെ മൃതദേഹം അനാഥമായില്ല. മനുഷ്യത്വം നശിച്ചവര്‍ക്ക് മുന്നില്‍ കമ്മ്യൂണിസത്തിന്റെ കാരുണ്യസ്പര്‍ശമെത്തി. സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ സ്വന്തം ഭൂമിയില്‍ ശാരദയുടെ മൃതദേഹം സംസ്കരിക്കാന്‍ സൗകര്യങ്ങളൊരുക്കി. ഒരുനാട് മുഴുവനും സഖാവിന്റെ നന്മനിറഞ്ഞ മനസിനൊപ്പം നിന്നു.
ഐരവൺ ആമ്പല്ലൂർ കുഴിയിൽ വീട്ടിൽ ശാരദ(90)യുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കളാരും തയാറായില്ല. സംസ്കരിക്കാൻ സ്ഥലം ഇല്ലാതെ വന്നതോടെ ശാരദയുടെ മൃതദേഹം പത്തനംതിട്ട മോർച്ചറിയിലേക്ക് മാറ്റേണ്ടിവന്നു. ജീവനറ്റ ഒരു ശരീരം മറവുചെയ്യാന്‍ ആറടി മണ്ണുപോലുമില്ലാത്ത അവസ്ഥ. സംഭവമറിഞ്ഞ് സിപിഐ കോന്നി മണ്ഡലം കമ്മറ്റിയും ഐരവൺ ലോക്കൽ കമ്മറ്റിയും ചേർന്ന് മൃതദേഹം ഏറ്റെടുക്കാനും സംസ്കാരം നടത്താനും ആലോചിച്ചു. ഒട്ടും മടിക്കാതെ സിപിഐ ജില്ലാ കൗൺസിൽ അംഗമായ പൗർണമി വീട്ടിൽ വിജയ വിൽസൺ സ്വന്തം ഭൂമി വിട്ടുനൽകാന്‍ തയാറാവുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയാണ് ശാരദ. ഇവരുടെ മകൾ ഇന്ദിരയെ 20 വർഷം മുൻപ് ഐരവൺ ആമ്പല്ലൂർ വീട്ടിൽ സുധാകരനാണ് വിവാഹം കഴിച്ചത്. മൂന്ന് വർഷം കഴിഞ്ഞപ്പോള്‍ ശാരദ ഐരവണിലെ മകള്‍ക്കൊപ്പം താമസത്തിനെത്തി. സുധാകരന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങൾ ഇന്ദിരയെയും ശാരദയെയും ശല്യം ചെയ്ത് ഇറക്കി വിടാനും ശ്രമിച്ചു.സിപിഐയുടെ സംരക്ഷണത്തിലാണ് ഇവർ ആ വീട്ടിൽ കഴിഞ്ഞിരുന്നത്.
സിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വിജയ വിൽസന്റെ ഭൂമിയില്‍ ശാരദയുടെ സംസ്കാരം നടത്തിയത്. പാര്‍ട്ടി സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ എന്നിവരും പ്രവര്‍ത്തകരും പങ്കെടുത്തു.
English Summary: Relatives Abandoned body CPI Pathanamthitta district committee member cremated in his own land
You may also like this video