കഴിഞ്ഞ മാസം കാണാതായ മലയാളി സൈനികൻ കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ കണ്ടെത്തി . ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബംഗളൂരുവിൽ എത്തിയത്.
കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു.