Site iconSite icon Janayugom Online

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തി

thiefthief

ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് താമരശേരി പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി (38)യുടെ വീഡിയോ സന്ദേശം പുറത്ത്. സൗദിയിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു പോയതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയിൽ വ്യക്തമാക്കുന്നില്ല. 

താനും സഹോദരനും ചേർന്ന് സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയതിന്റെ പേരിലാണ് തട്ടിക്കൊണ്ടുവന്നത്. ഏകദേശം 80 കോടിയോളം രൂപയുടെ സ്വർണമാണ് ഇത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. സ്വർണം കൊണ്ടുവന്നതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ പ്രശ്നമാകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറഞ്ഞു. 

തട്ടിക്കൊണ്ടുപോയതിന് ശേഷം ഇതാദ്യമായാണ് ഷാഫിയുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ കേസിൽ കർണാടക കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. സൗദി എയർപോർട്ടിൽ നിന്ന് തട്ടിയെടുത്ത സ്വർണം വില്പന നടത്തിയതുമായി ബന്ധപ്പെട്ട ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിൽ എത്തിയതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ മാസം ഏഴിന് രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞ ദിവസം കാസർകോട് നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാർ വാടകയ്ക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാസർകോട് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഷാ​ഫി​യു​ടെ ഫോ​ൺ ക​രി​പ്പൂ​രി​ന് സ​മീ​പ​ത്തു​വ​ച്ച് കണ്ടെത്തിയിരുന്നു. 

Eng­lish sum­ma­ry: Abduc­tion inci­dent of expa­tri­ate; 325 kg of gold was stolen and smuggled

You may also like this video

Exit mobile version