Site iconSite icon Janayugom Online

എബിജി ഷിപ്‌യാര്‍ഡ് തട്ടിപ്പ്; കേന്ദ്രം പ്രതിരോധത്തില്‍

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടുകൂടി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. തട്ടിപ്പ് മനസിലാക്കിയിട്ടും നടപടിയെടുക്കാനെടുത്ത കാലതാമസമാണ് കേന്ദ്രത്തിന് മേല്‍ വിമര്‍ശനം രൂക്ഷമാക്കിയിരിക്കുന്നത്. 28 ബാങ്കുകളില്‍ നിന്ന് 22,840 കോടി രൂപ എബിജി കപ്പല്‍ ശാല തട്ടിപ്പ് നടത്തിയെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിട്ടും സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത് ഈ മാസം ആദ്യം മാത്രമാണ്.

ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എബിജി ഷിപ്‌യാര്‍ഡ് ലിമിറ്റഡ് (എബിജി എസ്എല്‍) 2012–17 കാലയളവിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 22,842 കോടി രൂപ വായ്പയെടുത്തത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അറിവോടെയാണ് എബിജി പണം തിരിമറി നടത്തിയതെന്നാണ് ആരോപണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബിജെപി മനഃപൂര്‍വം കാലതാമസം വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

കപ്പല്‍ശാലയുടെ സ്വത്തുവകകള്‍ പണമായി മാറ്റാനുള്ള ലിക്വിഡേഷന്‍ നടപടികള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. 2019ല്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരിന്നു. 2018ല്‍ വജ്ര വ്യാപാരികളായ നീരവ് മോഡിയും മെഹുല്‍ ചോസ്കിയും വ്യാജരേഖകള്‍ ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപ തട്ടിയെടുത്തിരുന്നു.

38 വിദേശ കമ്പനികൾവഴി പണം വകമാറ്റി

എബിജി കപ്പൽശാലയുടെ വായ്പകളിൽ വലിയൊരു ഭാഗം വിദേശബന്ധമുള്ള കമ്പനികൾവഴി വകമാറ്റിയെന്നാണ് ഫോറൻസിക് ഓഡിറ്റിലെ കണ്ടെത്തല്‍.
വിദേശത്തുള്ള 38 കമ്പനികളെയും അറുപതോളം ആഭ്യന്തര കമ്പനികളെയും ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. 28 ബാങ്കുകളിൽനിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. വായ്പാ സ്ഥാപനങ്ങൾ കമ്പനിയുടെ വായ്പകൾ തട്ടിപ്പായി പ്രഖ്യാപിച്ചിരുന്നു. വിദേശ കമ്പനികളെക്കുറിച്ച് അന്വേഷണ ഏജൻസികൾ അതതു രാജ്യങ്ങളിൽനിന്ന് വിവരം തേടിയതായാണ് സൂചന.

മൂന്ന് കപ്പല്‍ ശാലകള്‍ തട്ടിയെടുത്തത് 44,000 കോടി

മൂന്ന് വലിയ കപ്പല്‍ ശാലകള്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 44,000 കോടി രൂപ. എബിജി കപ്പൽശാലയാണ് ഏറ്റവും അധിക തുക ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. പിപാവാവ് ഷിപ്‌യാർഡ് എന്ന് അറിയപ്പെട്ടിരുന്ന റിലയൻസ് നേവൽ ആന്റ് എൻജിനീയറിങ് 12,500 കോടി രൂപയും ഭാരതി ഷിപ്‌യാർഡ് 8,500 കോടി രൂപയുമാണ് വിവിധ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത്.

വായ്പകള്‍ പുനഃക്രമീകരിച്ചു നല്‍കിയെങ്കിലും ഇവ തിരിച്ചടയ്ക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുകയായിരുന്നു. നിഷ്‌ക്രിയ ആസ്തിയായി മാറിയ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും വളരെക്കുറച്ച് തുക മാത്രമായിരിക്കും ലഭിക്കുകയെന്നാണ് കണക്കുകൂട്ടല്‍. എബിജി ഷിപ്‌യാർഡിന്റെ സ്വത്തുക്കള്‍ പണമായി മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്. റിലയൻസ് നേവൽ ആന്റ് എൻജിനീയറിങ്ങിനെതിരായ പാപ്പരത്ത നടപടി പുരോഗമിക്കുകയാണ്. മുംബൈ ആസ്ഥാനമായ ഹേസൽ മെർക്കന്റൈൽ, ജിൻഡാൽ സ്റ്റീലിന്റെ പ്രമോട്ടർമാരുടെ കീഴിലുള്ള കമ്പനി എന്നിവ ലേലപത്രിക നല്കിയിട്ടുണ്ട്. ഭാരതി ഷിപ്‌യാർഡിനെ ലിക്വിഡേറ്റ് ചെയ്യാനായി 2019ൽ തീരുമാനിച്ചിരുന്നു.

Eng­lish Sum­ma­ry: ABG ship­yard fraud; Cen­ter on defense
You may also like this video

Exit mobile version