Site iconSite icon Janayugom Online

അഭിനവ അവതാരങ്ങളും മോഡേണ്‍ തപസ്യയും

രാഷ്ട്രീയത്തില്‍ ഇപ്പോള്‍ അവതാരങ്ങളുടെയും ആരാധനകളുടെയും കാലമാണ്. നേതാക്കളെ അവതാരപുരുഷന്മാരാക്കി അനുയായികള്‍ ആഘോഷിക്കുമ്പോള്‍ പ്രതിനായക അവതാരങ്ങളാക്കി എതിരാളികളും ആഘോഷിക്കുന്നു. പിന്നെ തമ്മില്‍ത്തല്ലാകുന്നു. ഹെെന്ദവ അവതാരങ്ങളുടെ മൊത്തക്കച്ചവടക്കാരായ ബിജെപിയും സംഘ്പരിവാറും ഭാരതീയ പുരാണങ്ങളിലെ മാതൃകാപുരുഷന്മാരായി സ്വന്തം നേതാക്കളെ അവരോധിക്കുമ്പോള്‍ അതി
നൊപ്പമെത്താനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം ഒഴികെയുള്ള ദേശീയപ്രതിപക്ഷം. നരേന്ദ്ര മോഡി സ്വാമി വിവേകാനന്ദന്റെ പുനർജന്മമാണെന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിയുടെ പുതിയ പ്രഖ്യാപനം. തന്റേത് രാഷ്ട്രീയ തപസ്യയാണെന്ന് രാഹുല്‍ഗാന്ധിയുടെ വക അവകാശവാദവും.


ഇതുകൂടി വായിക്കൂ: നമുക്കു കിട്ടി രാമായണരത്നം സുധാകരന്‍ എഴുത്തച്ഛന്‍!


കോണ്‍ഗ്രസിന്റെ വരാനിരിക്കുന്ന ‘ഹാത് സേ ഹാത് ജോഡോ’ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യാനുദ്ദേശിക്കുന്ന കത്തിലാണ് സ്വന്തം ഭാരത് ജോഡാേ യാത്രയെ, തന്റെ തപസ്യയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രശംസിക്കുന്നത്. ‘ഇത് എന്റെ തപസ്യ ആയിരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ യാത്ര ഒന്നാണെന്ന് ഞാന്‍ മനസിലാക്കുന്നു. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുക, ദുര്‍ബലരുടെ ആയുധമാകുക, ഇന്ത്യയെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും വിദ്വേഷത്തില്‍ നിന്ന് സ്‌നേഹത്തിലേക്കും കഷ്ടപ്പാടില്‍ നിന്ന് സമൃദ്ധിയിലേക്കും നയിക്കുക എന്നതൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു’ ഭാരത് ജോഡോ യാത്രയിലെ അനുഭവം പങ്കുവച്ചുകൊണ്ട് രാഹുല്‍ തന്റെ കത്തില്‍ വിവരിക്കുന്നു. ഹിമാലയത്തില്‍ തപസിരുന്ന നരേന്ദ്ര മോഡിയുടെ അപദാനങ്ങളോളം വരുമോ ‘തപസ്യ’എന്നറിയില്ല.
വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് മോഡി വിവേകാനന്ദന്റെ പുനർജന്മമാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ വിളംബരപ്പെടുത്തിയത്. ‘അമ്മയെ നഷ്ടപ്പെട്ടപ്പോഴും തന്റെ ജീവിതം ഈ രാജ്യത്തിനായി സമർപ്പിച്ച രീതിയിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റം. അദ്ദേഹം ആധുനിക ഇന്ത്യയുടെ നവയുഗ സ്വാമിജിയാണ്’ ഖാൻ ഉറപ്പിച്ചു. എന്നാല്‍ സൗമിത്ര ഖാന്റെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എത്തിയിട്ടുണ്ട്. ഇത് വിവേകാനന്ദനോടുള്ള അവഹേളനമാണെന്ന് ടിഎംസി മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം പറഞ്ഞു. മോഡിയെ വിവേകാനന്ദനാക്കുന്ന പ്രസ്താവന പക്ഷെ ഇതാദ്യമല്ല. ബിഹാർ ബിജെപി അധ്യക്ഷൻ നിത്യാനന്ദ് റായിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.


ഇതുകൂടി വായിക്കൂ: മോഡിയുടെ ഇന്ത്യയില്‍ സമീകൃതാഹാരം സ്വപ്നം മാത്രമാകുമ്പോള്‍


ബിഹാറില്‍ ഒരു പോസ്റ്ററിലും അവതാരം ചര്‍ച്ചയായിരിക്കുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിയും മഹാസഖ്യത്തിന്റെ വിജയവും വിവരിക്കാൻ രാമായണവും മഹാഭാരതവും ഉപയോഗിച്ചത് വിവാദമായിട്ടുണ്ട്. നിതീഷ് കുമാറിനെ ശ്രീരാമൻ/കൃഷ്ണനെന്നും നരേന്ദ്ര മോഡിയെ രാവണൻ/കംസന്‍ എന്നും സൂചിപ്പിക്കുന്നതാണ് ചിത്രം. “ആരൊക്കെ അപഹസിച്ചാലും പ്രധാനമന്ത്രി നരേന്ദ്രമോഡി 2034 വരെ അധികാരത്തിലുണ്ടാകും. ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ല” എന്നാണ് ബിജെപി വക്താവ് നവൽ കിഷോർ യാദവിന്റെ പ്രതികരണം.

ഏതാനുംദിവസം മുമ്പ് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ യാദവ് രാമചരിത മാനസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഹിന്ദു മതഗ്രന്ഥമായ രാമചരിതമാനസ് സമൂഹത്തിൽ വിദ്വേഷം പരത്തുന്നുവെന്ന് പറഞ്ഞതാണ് വിവാദമായത്. രാമചരിതമാനസ്, മനുസ്മൃതി, എം എസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ തുടങ്ങിയ കൃതികള്‍ സാമൂഹികമായ ഭിന്നത സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയതോടെ ഭരണകക്ഷിയായ ജെഡിയു തന്നെ മന്ത്രിയുടെ പ്രസ്താവനയെ വിമർശിക്കുകയും പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Exit mobile version