Site icon Janayugom Online

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തി

ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ നഗരത്തിലെ ആശ്രാമത്ത് നിന്ന് കണ്ടെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കോളജ് വിദ്യാര്‍ത്ഥിനികളാണ് തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണിലുണ്ടായിരുന്ന അബിഗേലിന്റെ ഫോട്ടോ എടുത്ത് നോക്കി ഉറപ്പിച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരാളോട് വിവരം പറഞ്ഞു. അദ്ദേഹമാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
തനിച്ചായിരുന്ന കുട്ടിയോട് പേരുവിവരം തിരക്കിയപ്പോള്‍ അബിഗേല്‍ എന്ന് മറുപടി നല്‍കി. ഓയൂരില്‍ നിന്ന് കാണാതായ അബിഗേലാണെന്ന് ഉറപ്പിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കുട്ടിയെ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം എആര്‍ ക്യാമ്പിലെത്തിച്ച കുട്ടിയെ പിതാവ് റെജിക്ക് കൈമാറി. അമ്മയുമായും മുത്തശ്ശിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചു. 

ആശ്രാമം മൈതാനത്ത് കുട്ടിയെ ആദ്യം കണ്ടത് ധനഞ്ജയ എന്ന വിദ്യാര്‍ത്ഥിനിയാണ്. പരീക്ഷ കഴിഞ്ഞ് ബസിറങ്ങി മൈതാനത്തെ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിനെ മൈതാനത്താക്കി ഒരു സ്ത്രീ പോകുന്നത് കണ്ടതെന്ന് ധനഞ്ജയ പറഞ്ഞു. മൈതാനത്തിന് സമീപമുള്ള അശ്വതി ബാറിന് മുന്നില്‍ വച്ച് ഓട്ടോറിക്ഷയില്‍ നിന്നാണ് കുട്ടിയെ ഇറക്കി മൈതാനത്തെത്തിച്ചത്. കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതോടെ ഓട്ടോ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി.
ഓയൂര്‍ ഓട്ടുമല കാറ്റാടി റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും മകള്‍ അബിഗേലിനെ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടി മുക്കില്‍ വച്ച് വെള്ള നിറമുള്ള സ്വിഫ്റ്റ് ഡിസയറിലെത്തിയ സംഘം അബിഗേലും സഹോദരന്‍ ജോനാഥനും ട്യൂഷന് പോകുമ്പോഴാണ് തടഞ്ഞുനിര്‍ത്തിയത്. കുട്ടികള്‍ കാറിനടുത്തെത്തിയതോടെ ഡോര്‍ തുറന്ന് പിന്നാലെ ഒരു കടലാസ് നീട്ടി. ഇത് അമ്മച്ചിക്ക് കൊടുക്കണമെന്ന് പറഞ്ഞെങ്കിലും കുട്ടികള്‍ അത് വാങ്ങിയില്ല. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അബിഗേലിനെ കാറിലേയ്ക്ക് വലിച്ചിഴച്ചപ്പോള്‍ മൂത്ത കുട്ടി തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ പാഞ്ഞുപോയി.
ഇത് കണ്ട ഒരു സ്ത്രീ ജോനാഥന്റെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം അറിയുന്നത്. പിന്നീട് കേരളം ഇതുവരെ കാണാത്ത തിരച്ചിലിനാണ് തുടക്കമായത്. രാത്രി ഏഴരയോടെ പ്രതികള്‍ പാരിപ്പള്ളിയിലെ എല്‍പിഎസ് ജങ്ഷനിലെ കടയിലെത്തി കടയുടമയായ ഗിരിജയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അബിഗേലിന്റെ മാതാവിനെ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തലയില്‍ ഷാളിട്ട് മറച്ച യുവതിയും ഒരു പുരുഷനുമാണ് കടയിലെത്തിയത്. പിന്നീട് ഒരിക്കല്‍ കൂടി ബന്ധുക്കളെ വിളിച്ച് 10 ലക്ഷം രൂപ ലഭിച്ചാല്‍ കുട്ടിയെ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. അതിനുശേഷം പ്രതികള്‍ ബന്ധപ്പെട്ടില്ല. 

അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നതായി സൂചനയുണ്ട്. നവംബര്‍ 24ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് അന്ന് ഉപയോഗിച്ചത്. എന്നാല്‍ മുത്തശ്ശി ഒപ്പമുണ്ടായിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തട്ടിക്കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെ സംഘം പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയുടെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയോടുള്ള വൈരാഗ്യമാണോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ കൊല്ലം ജില്ലയിലും സമീപ ജില്ലകളിലും പൊലീസ് വാഹനപരിശോധന ഊര്‍ജിതമാക്കിയിട്ടും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇന്നലെ ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനിയിലെത്തിച്ചത് ദുരൂഹമാണ്.
പകല്‍ സമയം കൊല്ലം നഗരത്തിലൂടെ കുട്ടിയുമായി ഇവര്‍ സഞ്ചരിച്ചതിനെക്കുറിച്ച് പൊലീസിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

You may also like this video

Exit mobile version