വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് കേരള സർവകലാശാല സെനറ്റ്. ഇന്നലെ ചേര്‍ന്ന യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി.പ്രമേയത്തെ 50 പേർ അനുകൂലിച്ചപ്പോൾ യുഡിഎഫ് — ബിജെപി പ്രതിനിധികളായ ഏഴുപേർ എതിർത്തു. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. ഇവർകൂടി ഒപ്പിട്ട് നൽകിയ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക സെനറ്റ് ചേർന്നത്. ഡോ. സോജു അവതരിപ്പിച്ച പ്രമേയത്തെ അഡ്വ. എ അജികുമാര്‍ പിന്താങ്ങി.
ഓഗസ്റ്റ് എട്ടിനാണ് യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ ചേർത്ത് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. പിന്നീട് ഇതിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വിജ്ഞാപനം ഇറക്കിയതിന് ശേഷം ആളെ ഉൾപ്പെടുത്താൻ ആക്ടിൽ വ്യവസ്ഥയില്ല. ഗവർണർ വിജ്ഞാപനം പിൻവലിച്ചശേഷം പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നാണ് സെനറ്റ് നിലപാട്.
പ്രമേയം ഗവർണർക്കെതിരല്ലെന്നും വിജ്ഞാപനത്തിന് എതിരാണെന്നും സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.
നിയമപരമായ രീതിയിൽ വിസിയെ തെരഞ്ഞെടുക്കുന്നതിന് അനുകൂലമല്ല ഗവർണറുടെ നിലപാടെന്നും സർവകലാശാലയിൽ ഭരണ പ്രതിസന്ധി നേരിടരുത് എന്നതാണ് സെനറ്റിന്റെ ലക്ഷ്യമെന്നും അംഗങ്ങള്‍ പറഞ്ഞു.
English Summary: Abolish search committee: Kerala University senate passes resolution
You may also like this video