Site icon Janayugom Online

2020ല്‍ ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 45 ശതമാനവും വൈദ്യസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന്

2020ല്‍ ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 45 ശതമാനവും വൈദ്യസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. വൈദ്യസഹായമില്ലാത്ത സാഹചര്യത്തിലുണ്ടാകുന്ന മരണങ്ങളില്‍, രാജ്യത്ത് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ് കോവിഡ് രോഗവ്യാപനം തുടങ്ങിയ വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ചികിത്സാ സംവിധാനങ്ങള്‍ ലഭിക്കുന്നതില്‍ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ വിവരങ്ങള്‍.

2020ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 81.2 ലക്ഷം മരണങ്ങളില്‍ 36.5 ലക്ഷവും വൈദ്യസഹായം ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ഉണ്ടായതെന്നാണ്, കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ ജനറല്‍ പ്രസിദ്ധീകരിച്ച സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം ഡാറ്റ വ്യക്തമാക്കുന്നത്. 2019ല്‍ ആകെയുള്ള മരണങ്ങളില്‍ 34.5 ശതമാനമായിരുന്നു ഇത്. 2017, 2018 വര്‍ഷങ്ങളില്‍, ആകെയുള്ള മരണങ്ങളുടെ മൂന്നിലൊന്നോളം പേരാണ് വീടുകളിലുള്‍പ്പെടെ വൈദ്യസഹായം ലഭിക്കാത്ത സാഹചര്യങ്ങളില്‍ മരണപ്പെട്ടത്.

ആശുപത്രികളിലും മറ്റ് ആരോഗ്യ സംവിധാനങ്ങളിലും മരണപ്പെടുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും സിആര്‍എസ് ഡാറ്റ വ്യക്തമാക്കുന്നു. 2019ലെ 32.1 ശതമാനത്തില്‍ നിന്ന് 2020ല്‍ 28 ശതമാനമായാണ് കുറഞ്ഞത്.

കോവിഡ് രോഗവ്യാപനം ശക്തമായതിനെത്തുടര്‍ന്ന്, ആശുപത്രികളില്‍ മാസങ്ങളോളം കോവിഡിതര ചികിത്സാ സംവിധാനങ്ങളെല്ലാം നിര്‍ത്തലാക്കുകയോ, ചുരുങ്ങിയ നിലയില്‍ മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്ത സാഹചര്യമായിരുന്നു. എണ്‍പത് മുതല്‍ നൂറ് ശതമാനം വരെ കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുകയും ചെയ്യേണ്ടിവന്നതോടെ, വലിയൊരു വിഭാഗം ആളുകള്‍ക്ക് കോവിഡിതര രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സ ലഭിക്കാതെ വരികയായിരുന്നു. 5,05,800ഓളം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Eng­lish summary;About 45% of deaths in India by 2020 are due to lack of access to med­ical care

You may also like this video;

Exit mobile version