Site icon Janayugom Online

വേതനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എൻആർഇജിഎ) യിലെ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകാതെ കേന്ദ്ര സർക്കാർ. ദീർഘകാലം കഠിനാധ്വാനം ചെയ്ത പണത്തിനായി കാത്തിരിക്കുന്ന തൊഴിലാളികളെ അവഗണിക്കുകയാണ് മോഡി ഭരണം. വേതനം ഇല്ലാതെ കാലങ്ങളായി പണിയെടുക്കുകയാണ് എൻആർഇജിഎ തൊഴിലാളികൾ.തൊഴിലാളികൾക്ക് അവർ ആവശ്യപ്പെടുന്ന ന്യായമായ വേതനം നൽകുവാനോ നിലവിലുള്ള വേതനം കൃത്യമായി നൽകുവാനോ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. എൻആർഇജിഎ വേതന വിതരണ സംവിധാനം കേന്ദ്രം രണ്ട് ഘട്ടങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ നല്‍കുന്നതും, തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ വേതനം നൽകുന്നതുമായ രണ്ട് രീതികളാണുള്ളത്.

ഘട്ടം ഒന്നിന്റെ പ്രക്രിയകൾ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ, കേന്ദ്ര സർക്കാർ നാഷണൽ ഇലക്ട്രോണിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം (എൻഇഎഫ്എംഎസ്) ഉപയോഗിച്ച് ബാങ്ക് വഴി ഫണ്ട് ട്രാൻസ്ഫർ ചെയ്യുകയാണ്. നിയമപ്രകാരം ജോലി തീര്‍ന്ന് 15 ദിവസത്തിനുള്ളിൽ തൊഴിലാളികൾക്ക് പണം ലഭ്യമാകേണ്ടതാണ്.

 


ഇതും കൂടി വായിക്കൂ;അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനം വിടുന്നതില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍


 

എന്നാൽ ഇപ്പോൾ ഈ പ്രക്രിയകൾ എല്ലാം തന്നെ മുടങ്ങിക്കിടക്കുകയാണ്. ഇത് കേന്ദ്രത്തിന്റെ പതിവ് രീതിയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. 2018ൽ, എൻആർഇജിഎ വെബ്സൈറ്റിൽ പണമടയ്ക്കുന്നതിലെ കാലതാമസത്തിന് കാരണം കാണിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സ്മാർട്ട്ഫോണുകളോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്തവരാണ് മിക്ക തൊഴിലാളികളും. അതിനാല്‍ എന്തുകൊണ്ടാണ് വേതനം നൽകുന്നതിൽ കാലതാമസം വരുന്നതെന്നും വേതനം എവിടെയാണ് തടസപ്പെടുന്നതെന്നും ഇവര്‍ക്ക് അറിയില്ല.ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ വേതനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭ്യമല്ലെന്നതാണ് റിപ്പോര്‍‍ട്ടുകൾ വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry;  about NREGS work­ers in kerala
You may also like this video;

Exit mobile version