Site iconSite icon Janayugom Online

ഇന്ത്യയില്‍ ഒരു കോടിയോളം പക്ഷാഘാത കേസുകള്‍

ഇന്ത്യയില്‍ ഒരു കോടിയാളുകള്‍ പക്ഷാഘാതത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി പഠനം. ലാന്‍സെറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. 2019ല്‍ 13 ലക്ഷം ഇന്ത്യക്കാര്‍ക്ക് പക്ഷാഘാതമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ കിഴക്കന്‍ ഏഷ്യ മേഖലയില്‍ (എസ്ഇഎആര്‍) ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂര്‍ രാജ്യങ്ങളിലെ മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. നാല് ഭാഗങ്ങളായാണ് പഠനം പ്രസിദ്ധീകരിച്ചത്. 

25 വര്‍ഷത്തിനകം ലോകത്ത് പക്ഷാഘാത മരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്നും പഠനത്തില്‍ പറയുന്നു. 2020ല്‍ 66 ലക്ഷത്തില്‍നിന്ന് 2050 ഓടെ പക്ഷാഘാത മരണം 97 ലക്ഷമായി ഉയരാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായാണ് പക്ഷാഘാതത്തെ കണക്കാക്കുന്നത്. തലച്ചോറിലേക്കുള്ള രക്തവിതരണം തടസപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഏതു ഭാഗത്തെ കോശങ്ങള്‍ക്കാണോ നാശം സംഭവിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം അനുഭവപ്പെടുകയും ചെയ്യുന്നു. 

ഉയര്‍ന്ന രക്തസമ്മര്‍ദം, ക്രമരഹിതമായ ഹൃദയമിടിപ്പിനൊപ്പം ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, പുകവലി എന്നിവയെല്ലാം രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പക്ഷാഘാതം തടയേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാണിച്ച് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാഹലും ലാന്‍സെറ്റ് പഠനം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു. ഇത്തരം സാംക്രമികേതര രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഐസിഎംആര്‍ സ്ഥിരം ജാഗരൂകരാണെന്നും അദ്ദേഹം കുറിച്ചു.

Eng­lish Summary:About one crore cas­es of stroke in India

You may also like this video

Exit mobile version