Site icon Janayugom Online

ജീവനാണ് പ്രധാനം, നിരാലംബര്‍ക്ക് ആശ്രയമേകി ശാന്തിഭവന്‍

നോട്ടിന്റെ എണ്ണമോ വിവേചനമോ കൂടാതെ നിരാലംബരായ മനുഷ്യര്‍ക്ക് ആശ്രയമാകുന്ന ഇടമാണ് ശാന്തിഭവന്‍. മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ പണം വേണമെന്ന തെറ്റിദ്ധാരണ തന്നെ ഇവിടം തിരുത്തിക്കഴിഞ്ഞു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം ബാധിച്ച എന്നാല്‍ സാഹചര്യങ്ങള്‍ കാരണം ചികിത്സ തേടാന്‍ കഴിയാത്തവരാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും. ഇപ്പോഴിതാ സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സേവനങ്ങളുമായി തലസ്ഥാനത്തും സേവനം വ്യാപിപ്പിക്കുകയാണ് ശാന്തിഭവന്‍. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വ്യക്തി സുരക്ഷയ്ക്കുള്ള സംവിധാനമൊരുക്കിയിരിക്കുന്നു എന്ന പ്രത്യേകതയാണ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിനുള്ളത്. സ്മാര്‍ട്ട് പേഴ്സണല്‍ ഹോസ്പിറ്റലും ഓട്ടോമേറ്റഡ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിക്കും. ജോയ്സ് ടച്ച് എന്ന ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് ഹെല്‍ത്ത് വാച്ചിന്റെയും കേന്ദ്രീകൃത എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിന്റെയും ടെലിമെഡിസിന്‍ സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഓരോ വ്യക്തികള്‍ക്കും സ്മാര്‍ട്ട് പേഴ്സണല്‍ ഹോസ്പിറ്റല്‍ എന്ന നൂതന സൗകര്യം ലഭ്യമാക്കുന്നത്. തിരുവനന്തപുരം വട്ടപ്പാറയില്‍ കഴിഞ്ഞ മാസമാണ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റലിന്റെ രണ്ടാമത്തെ സൗജന്യ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.

പാലിയേറ്റിവ് കെയറിന്റെ സേവനം പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരെ ലക്ഷ്യമിട്ടാണ് സേവനങ്ങള്‍ പ്രധാനമായും ആരംഭിക്കുന്നത്. പ്രൊഫഷണല്‍ സഹായം ലഭ്യമാകാത്തവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ഡോക്ടറുമാരും നഴ്സുമാരും തയ്യാറാണ്. സാമ്പത്തിക പ്രതിസന്ധിയാല്‍ ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവരെയും രോഗാവസ്ഥ കാരണം ആശുപത്രി സേവനം ലഭ്യമാകാത്തവരെയും ഈ സംവിധാനം ലക്ഷ്യമിടുന്നുണ്ട്. തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വട്ടപ്പാറയിലെ ഹോം കെയറിന്റെ സേവനവും ഉപയോഗിക്കാനാകും. വടക്കന്‍ ജില്ലയില്‍ ഉള്ളവര്‍ക്ക് പല്ലിശേരിയിലെ ശാന്തിഭവന്‍ ഹോം കെയറിന്റെ സേവനവും ലഭിക്കും. ശാന്തിഭവന്‍ ഹോം കെയറില്‍ എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. രോഗിക്ക് മാത്രമല്ല, കൂട്ടിരിപ്പുകാര്‍ക്കും ഈ സേവനം ലഭ്യമാണ്. രോഗിക്കാവശ്യമായ എല്ലാ ക്ലിനിക്കല്‍ പിന്തുണയും സൗജന്യമായി നല്‍കുക.

ഐഎംഎയുടെ എമര്‍ജന്‍സി ട്രോമ കെയറിന്റെ സഹായത്തോടെ സംസ്ഥാനത്താകെ ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ ശാന്തിഭവന്‍ ലക്ഷ്യമിടുന്നുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കും. രോഗിയുടെ അവസ്ഥ കണക്കിലെടുത്തായിരിക്കും സേവനം നല്‍കുന്നത്. ഹോം കെയറില്‍ എത്തുന്നവര്‍ക്കൊപ്പം ബൈസ്റ്റാന്‍ഡര്‍ വേണംഎന്ന് നിര്‍ബന്ധമുണ്ട്. 24 മണിക്കൂറും ഹോം കെയര്‍ സേവനം ലഭ്യമാണ്. എമര്‍ജന്‍സി കെയര്‍ സൗകര്യവും നല്‍കുന്നുണ്ട്. സ്മാര്‍ട്ട് പേഴ്സണ്‍ ഹോസ്പിറ്റല്‍ എന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ വിശേഷണം. വാച്ച് ഉപയോഗിക്കുന്ന ആള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ എസ്ഒഎസ് ബട്ടണ്‍ പ്രസ് ചെയ്യാം. മെസേജ് എത്തുന്ന സമയത്ത് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സജീവമാവുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്യും. അപകടം സംഭവിച്ചാല്‍ തത്സമയം ആംബുലന്‍സിനെ ബന്ധപ്പെടാനുള്ള സൗകര്യം ഇതിലുണ്ട്. ലൊക്കേഷന്‍ സഹിതമാകും ലഭിക്കുക. സംസ്ഥാനം മുഴുവന്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഗുഡ്സമരിറ്റന്‍ റെസ്പോണ്ടന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സേവനങ്ങള്‍ ഒക്കെ സംസ്ഥാനത്ത് എവിടെ ഇരുന്നും ഉപയോഗിക്കാനാകും. മെയ് ഒന്നു മുതലാണ് തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമാകുന്നത്. ബാക്കിയുള്ള ജില്ലകളില്‍ വൈകാതെ സേവനങ്ങള്‍ ലഭ്യമാക്കും. വീട്ടില്‍ ലഭിക്കുന്ന കരുതലിനൊപ്പം ആശുപത്രികളിലെ പ്രൊഫഷണല്‍ സഹായവും ഇതാണ് ശാന്തിഭവന്റെ പ്രത്യേകതയെന്ന് റവ. ഫാ. ജോയ് കുത്തൂര്‍ ജനയുഗത്തോട് പറഞ്ഞു.

Eng­lish Summary:about shan­thib­ha­van pal­lia­tive hospital
You may also like this video

Exit mobile version