അന്തർ സംസ്ഥാന മോഷ്ടാവും സഹായിയും പൊലീസ് പിടിയിൽ. പുവാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, പുത്തൂർമഠം ഭാഗങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് മായനാട് താഴെ ചാപ്പങ്ങാതോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കൽ സ്വദേശി സുഫിയാൻ (37) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് സിംഗിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളെജ് എ സി പി ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും പിടികൂടിയത്. ഇതോടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകൾക്ക് തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു.
ഈ വർഷമാദ്യം മുതൽ ഇതുവരെ മുപ്പതോളം വീടുകളിൽ നിന്നായി നൂറിലധികം പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത സാലു മുമ്പ് നൂറോളം മോഷണകേസുകളിൽ പ്രതിയാണ്. നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മായനാട് സ്വദേശിയായ സാലു വീട്ടിൽ സ്ഥിരമായി വരാറില്ല. ലോറിയിൽ ജോലിക്ക് ദൂരസ്ഥലങ്ങളിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം തൊഴിലാക്കിയത്.
ഓരോ മോഷണ ശേഷവും ഗുണ്ടുൽപേട്ടയിലെ ഒളിത്താവളത്തിലേക്ക് കടക്കാറാണ് പതിവ്. പിന്നീട് കേരളത്തിൽ വന്ന് മോഷണ വസ്തുക്കൾ വിൽപന നടത്തി വീണ്ടും ഗുണ്ടുൽപേട്ടയിലെത്തി ആർഭാട ജീവിതം നയിക്കുകയാണ് പതിവ്. പണം തീരുമ്പോൾ കേരളത്തിലെത്തി വീണ്ടും കവർച്ചയ്ക്കിറങ്ങും. സ്കൂട്ടറിൽ കറങ്ങി ആളില്ലാത്ത വീട് കണ്ടുവെച്ച് രാത്രി കൃത്യം നടത്തിയ ശേഷം കേരളാതിർത്തി കടക്കുകയുമാണ് പതിവ്.