സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡനം, ഇന്ത്യന്‍ പീനല്‍ കോഡിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങിയവ ചോദ്യം ചെയ്താണ് ഹര്‍ജി. നിയമങ്ങള്‍ യുക്തിരഹിതവും ദുരുദ്ദേശപരവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രൂപ്ഷി സിങ് എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീകള്‍ പുരുഷന്മാരെ ദ്രോഹിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്ന് പുരുഷന്മാര്‍ക്ക് സംരക്ഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വ്യാജക്കേസുകള്‍ നല്‍കി പുരുഷന്മാരെ ഉപദ്രവിക്കുകയാണ്. സ്ത്രീകൾ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് പുരുഷൻമാർക്ക് സംരക്ഷണം നൽകണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. 1961ലെ സ്ത്രീധന നിരോധന നിയമം മതത്തിന്റെ അടിസ്ഥാനത്തിൽവിവേചനപരമാണെന്നും ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ 2005ലെ വ്യവസ്ഥകൾ സ്ത്രീ കേന്ദ്രീകൃതവും പുരുഷന്മാർക്കെതിരെ വിവേചനപരവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

