Site iconSite icon Janayugom Online

എമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നു; അന്താരാഷ്ട്ര പഠനാനുമതി വെട്ടിക്കുറയ്ക്കാൻ കനേഡിയൻ സർക്കാർ

എമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്ന് അന്താരാഷ്ട്ര പഠനാനുമതി വെട്ടിക്കുറയ്ക്കാൻ കനേഡിയയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നീക്കം ശക്തമാക്കി. രാജ്യത്ത് താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വിദേശ തൊഴിലാളി നിയമങ്ങൾ കർശനമാക്കുമെന്നും കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നു . അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകളുടെ എണ്ണത്തിൽ കൂടുതൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചുകൊണ്ടാണ് എമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെ നിയന്ത്രിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടത് . 

തന്റെ സർക്കാർ ഈ വർഷം 35 ശതമാനം അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ കുറക്കുമെന്നും 2025 ൽ 10 ശതമാനം കൂടി കുറയ്ക്കുമെന്നും ഒരു ട്വീറ്റിൽ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ‘കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ്, എന്നാൽ ചിലർ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർത്ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ, രാജ്യം തകരും;- അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ സർക്കാർ 2025‑ൽ 4,37,000 സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് പദ്ധതിയിടുന്നത്. 2024‑ൽ നൽകിയ പെർമിറ്റുകളിൽ നിന്ന് 10 ശതമാനം കുറവാണിത്. കാനഡയിലേക്ക് വരുന്നത് ഒരു പ്രിവിലേജ് ആണ്, എന്നാൽ അത് അവകാശമല്ലെന്ന് വിദേശകാര്യ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവർക്കും വരാൻ ആഗ്രഹിക്കുന്നവർക്കും അതിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും ജീവിതപങ്കാളികൾക്ക് തൊഴിൽ പെർമിറ്റുകളിൽ അധിക നിയന്ത്രണങ്ങൾ നടപ്പിലാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. 

താൽകാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഒരു പ്രധാന സീറ്റ് നഷ്ടപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്. അനിയന്ത്രിതമായ കുടിയേറ്റത്തിൽ ട്രൂഡോ കടുത്ത സമ്മർദ്ദത്തിലായതിനാൽ സമീപ മാസങ്ങളിൽ പാർട്ടി പൊതുജനാഭിപ്രായ വോട്ടെടുപ്പിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2025‑ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

Exit mobile version