Site iconSite icon Janayugom Online

കുംഭമേളയിലെ അപകടം; ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജുഡീഷ്യൽ അന്വേഷണവുമായി യോഗി ആതിഥ്യനാഥ്‌ സർക്കാർ

മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജുഡീഷ്യൽ അന്വേഷണവുമായി യോഗി ആതിഥ്യനാഥ്‌ സർക്കാർ. ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു . മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. ദുരന്തത്തിൽ അനാസ്ഥ ചർച്ചയായതോടെ ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. 

ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണം. കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു . മരിച്ചവരിൽ 5 പേരെ തിരിച്ചറിയാൻ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും. അതേ സമയം ജുഡീഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സർക്കാരാണെന്നും പ്രതിപക്ഷം വിമർശിച്ചു. ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്‌നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കിയിരുന്നു. അകാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു. 

Exit mobile version