ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ മതപ്രഭാഷണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 122 മരണം. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗള്‍ഗഡി ഗ്രാമത്തിൽ ആള്‍ദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്‌സംഗിലാണ് അപകടം. 15,000 ത്തോളം പേരാണ് സത്‌സംഗില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. ശുദ്ധവായു ലഭിക്കാത്തതിനെ തുടർന്ന് പന്തലിൽ നിന്നും ധൃതിയില്‍ പുറത്തേക്ക് കടക്കാൻ ആളുകൾ ശ്രമിച്ചതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.
നാരായണ്‍ സര്‍ക്കാര്‍ ഹരിയെന്ന ഭോലെ ബാബയുടെ സത്‌സംഗ പരിപാടിക്കായി ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇറ്റാവ, ഹത്രാസ് ജില്ലകളില്‍ നിന്നായി ആളുകള്‍ കൂട്ടത്തോടെ എത്തിയെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥുര്‍ പറഞ്ഞു. ചടങ്ങ് അവസാനിച്ചതോടെ എല്ലാവരും കൂട്ടത്തോടെ പോകാന്‍ ശ്രമിച്ചപ്പോഴാണ് തിക്കും തിരക്കുമുണ്ടായതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പലരും ബോധം കെട്ട് വീണതായും ഇവര്‍ പറഞ്ഞു.
സത്‌സംഗം നടത്തിയ സ്ഥലം വളരെ ഇടുങ്ങിയതായിരുന്നെന്നും കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. പ്രാർത്ഥനാ പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ ബാബയുടെ വാഹനം കടന്നുപോകാൻ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നും ആരോപണമുണ്ട്. സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ഇറ്റാവ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും അനുശോചനം രേഖപ്പെടുത്തി.
ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗിരീഷ് ചന്ദ്ര ശര്‍മ്മ ആവശ്യപ്പെട്ടു. വന്‍ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടിയില്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
English Summary: Accident during religious ceremony in Uttar Pradesh: 87 people died in a stampede
You may also like this video