Site iconSite icon Janayugom Online

കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടം; നവകേരള സദസ്സിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കി, മന്ത്രിമാർ കളമശ്ശേയില്‍

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് പരിപാടികൾ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓർഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കോഴിക്കോട്ടുനിന്നും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്യും.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു.

സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതരസംസ്ഥാന വിദ്യാര്‍ത്ഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.

Eng­lish Sum­ma­ry: Acci­dent dur­ing tech fest at Cusat cam­pus, navk­er­ala sadas stoped celebrations
You may also like this video

Exit mobile version