ഇടുക്കി കട്ടപ്പനയില്‍ മാലിന്യക്കുഴിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളാണ് ഇന്നലെ മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും പുളിയൻമലയിലേക്കുള്ള പാതയിലെ ഹോട്ടലിൻറെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
ആദ്യം കുഴിയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടി ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും കാണാതായി.ഇതോടെ നാട്ടുകാർ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തു. സംഘത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കിൽ മൂന്നുപേരും പെട്ടുപോവുകയായിരുന്നു. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

