Site iconSite icon Janayugom Online

മോഡലുകളുടെ അപകട മരണം: അന്വേഷണം പ്രത്യേക സംഘത്തിന്

മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ തീരുമാനിക്കും.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് ഹോട്ടൽ 18ന്റെ ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അഞ്ച് പേർ ഹോട്ടലിലെ ജീവനക്കാരാണ്.

അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിക്കുകയായിരുന്നു. ആൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.

നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വച്ച് തന്നെ അൻസി കബീറും, സുഹൃത്ത് അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുണ്ടായത്. അപകടത്തിൽപ്പെട്ട കാറിനെ ഒരു സംഘം മറ്റൊരു കാറിൽ പിന്തുടരുകയായിരുന്നുവെന്നും മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നും പിന്നീട് പുറത്തുവന്നു.

eng­lish sum­ma­ry: Acci­den­tal death of mod­els: inves­ti­gate spe­cial team

you may also like this video

Exit mobile version