Site iconSite icon Janayugom Online

അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിക്ക് തിരിച്ചടി; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി തള്ളി

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ അഭിഭാഷകന് തിരിച്ചടി. വഞ്ചിയൂർ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പ്രതി ബെയിലിൻ നൽകിയ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്. പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിട്ടുണ്ട്. 

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ബെയിലിന് നേരത്തെ ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ രണ്ട് മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഈ ഉപാധിയിൽ ഇളവ് ആവശ്യപ്പെട്ടാണ് ബെയിലിൻ ഹര്‍ജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂര്‍ കോടതിക്ക് അടുത്ത അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവര്‍ത്തകര്‍ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദനം. 

Exit mobile version