Site icon Janayugom Online

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തു, ഏഴ് പേരെ കൊലപ്പെടുത്തി: ശിക്ഷകഴിഞ്ഞിറങ്ങിയ പ്രതികള്‍ക്ക് മധുരം നല്‍കി വരവേല്‍പ്പ്, വിമര്‍ശിച്ച് സൈബര്‍ലോകം

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച വരവേല്‍പ്പില്‍ ഞെട്ടി സൈബര്‍ലോകം. ഗോദ്ര കലാപത്തിനിടെ 21 കാരിയും ഗര്‍ഭിണിയുമായ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികള്‍ക്ക് നല്‍കിയ വരവേല്‍പ്പാണ് സൈബറിടങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

2002ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാകുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ്. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. 2008‑ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു. നിലവിൽ 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്.

ഇവരിൽ ഒരാൾ തന്നെയാണ് മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്നു പ്രതികൾ. ഗുജറാത്ത് സര്‍ക്കാർ ഇവരുടെ ശിക്ഷാ നടപടി ഇളവ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പ്രതികളെ മോചിപ്പിച്ചത്. ഗോദ്രയിലെ സബ് ജയിലില്‍ ആയിരുന്നു ഇവർ. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയത് ഞായറാഴ്ചയാണ്. പുറത്തിറങ്ങിയ പ്രതികളെ മധുരം നല്‍കിയാണ് ജയിലിനു പുറത്തുള്ളവര്‍ സ്വീകരിച്ചത്. എഴുത്തുകാരന്‍ അശോക് സ്വെയിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Eng­lish Sum­ma­ry: accused in bilkis banu rape case get huge welcome
You may also like this video

Exit mobile version