Site iconSite icon Janayugom Online

പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി റിമാന്റിൽ

ഓൺലൈൻ ജോലിയിലൂടെ വീട്ടിൽ ഇരുന്ന് വൻതുക സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രതികളിലൊരാളായ മലപ്പുറം വേങ്ങര പഞ്ചായത്തിൽ കള്ളിയത്ത് വീട്ടിൽ മുഹമ്മദ് റാഫിയാണ് റിമാന്റിലായത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ പ്രതി സമാന സാമ്പത്തിക തട്ടിപ്പുകേസിൽ പാല സബ് ജയിലിൽ റിമാന്റിൽ ആണ് എന്നറിയുകയും ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ച് പ്രതിയെ പാലയിൽ നിന്നും ആലപ്പുഴയിൽ എത്തിക്കുകയുമായിരുന്നു. 

തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അപേക്ഷ പ്രകാരം പ്രതിയെ കോടതി റിമാന്റ് ചെയ്തു. പരാതിക്കാരനെ ടെലിഗ്രാം അക്കൗണ്ട് വഴി ഫീനിക്സ് മിൽസ് എന്ന സ്ഥാപനത്തിന്റെ എച്ച് ആർ ആണെന്ന് വിശ്വസിപ്പിച്ച് ബന്ധപ്പെട്ടാണ്തട്ടിപ്പ് നടത്തിയത്. 2024 നവംബർ, ഡിസംബർ മാസങ്ങളിലായി പ്രതി 6,97,551 (ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴാരത്തി അഞ്ഞൂറ്റി അമ്പത്തി ഒന്ന്) രൂപയാണ് തട്ടിയെടുത്തത്. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ മുൻപ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയതിരുന്നു.

Exit mobile version