പോക്സോ കേസിലെ പ്രതിയായ റിട്ടയേർഡ് എസ്ഐയെ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് പീസ് നെസ്റ്റിൽ കെ പി ഉണ്ണി (57) ആണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ വീട്ടിലെ കാർ പോർച്ചിൽ ഇന്നലെ പുലർച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021ലാണ് ഉണ്ണി സർവീസിൽ നിന്ന് വിരമിച്ചത്. ഇതിനു ശേഷമാണ് പോക്സോ കേസിൽ പ്രതിയായത്.
എട്ടുവയസ്സുകാരിയെ വീടിനു സമീപത്തെ ഷെഡിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പലതവണ കുട്ടിയെ പീഡിപ്പിച്ചതായും കുട്ടിയുടെ മാതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഇതു പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. ജയിലിലായിരുന്ന ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലിറങ്ങിയതാണ്. കേസിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്. താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഉണ്ണി സഹപ്രവർത്തകരോടും മറ്റും പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary: accused of a pocso case found dead in victims home
You may also like this video