തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പൊള്ളലേറ്റു. കൂവോട് സ്വദേശിനി കെ ഷാഹിദയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫ്, പത്രവിതരണക്കാരനായ ജബ്ബാർ എന്നിവർക്കും ആസിഡ് ദേഹത്ത് വീണ് പൊള്ളലേറ്റു. സംഭവത്തിൽ സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ ചപ്പാരപ്പടവ് കൂവേരിയിലെ (ഇപ്പോൾ വാടകക്ക് പട്ടുവം മുതുകുട താമസക്കാരൻ ) അഷ്ക്കറിനെ പൊലിസ് പിടികൂടി.
ഇന്ന് വൈകിട്ട് 5.15 ഓടെയാണ് ഷാഹിദയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. മുൻസിഫ് കോടതിയിലെ ടൈപ്പിസ്റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവർത്തകർ മജിസ്ട്രേറ്റ് കോടതിയിലെ ഓഫിസ് അസിസ്റ്റന്റ് പ്രവീൺ ജോസഫിനോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു. ന്യൂസ് കോർണർ ജംങ്ങ്ഷനിലെത്തിയപ്പോഴാണ് അഷ്ക്കർ കൈയ്യിൽ കരുതിയ ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിച്ചത്.
ഷാഹിദ ബഹളം വച്ചതോടെ നാട്ടുകാർ അഷ്ക്കറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷാഹിദയുടെ കൂടെയുണ്ടായിരുന്ന പ്രവീൺ ജോസഫിന്റെ കാലിനും, സമീപത്ത് സായാഹ്ന പത്രം വിൽക്കുകയായിരുന്ന ജബ്ബാർ എന്ന യുവാവിനും പൊള്ളലേറ്റു. ഷാഹിദയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുമെല്ലാം പൊളളലേറ്റിട്ടുണ്ട്. സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരനായ അഷ്ക്കർ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
English Summary;Acid attack on court employee in Kannur
You may also like this video