Site iconSite icon Janayugom Online

ആസിഡ് ആക്രമണം; സഹോദരപുത്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വയോധിക മരിച്ചു

ഇടുക്കിയിൽ സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. ഏറ്റുമാനൂർ കാട്ടാച്ചിറ സ്വദേശിനിയായ തങ്കമ്മ (82) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒ

ക്ടോബർ 25‑ന് വൈകുന്നേരമാണ് തങ്കമ്മ സഹോദരപുത്രനായ സുകുമാരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. തങ്കമ്മയുടെ സ്വർണം പണയംവെച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി നേരത്തെ തർക്കങ്ങളും കേസും ഉണ്ടായിരുന്നു. പിന്നീട് ഇരുവരും ഒത്തുതീർപ്പിൽ എത്തിയിരുന്നു. എന്നാൽ, രണ്ടാഴ്ച മുൻപ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തി വീണ്ടും സ്വർണം പണയം വെച്ചതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനുശേഷം, സോഫയിൽ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് പിന്നിലൂടെ എത്തി തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു. ഈ ആസിഡ് സുകുമാരന്റെ ഉള്ളിൽ എത്തുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version