Site iconSite icon Janayugom Online

ദേവനഹള്ളി ഭൂമി ഏറ്റെടുക്കൽ; കര്‍ണാടക സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് സമീപം വ്യവസായ ഇടനാഴിക്കായി ഏറ്റെടുത്ത കൃഷിഭൂമി പുനര്‍വിജ്ഞാപനം ചെയ്തുള്ള കർണാടക സർക്കാരിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. ദേവനഹള്ളിയിലെ 13 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1,778 ഏക്കർ ഭൂമി ഡീനോട്ടിഫൈ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനാവശ്യവും കര്‍ശനവുമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണ് കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കർഷക ക്ഷേമം പ്രഖ്യാപിച്ച് അധികാരത്തിലേറിയ കോൺഗ്രസ്, കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കുമെന്ന് വാഗ്ദാനം നൽകിയ സിദ്ധരാമയ്യ, അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയതായി കർഷകര്‍ ആരോപിക്കുന്നു. 1,778 ഏക്കർ ഭൂമി ഒരു പ്രത്യേക കേസായി ഡീ നോട്ടിഫൈ ചെയ്യുമെന്നാണ് കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, അതേ സമയം തന്നെ, പ്രദേശത്തും പരിസരത്തും ഒരു വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള പദ്ധതി പിന്തുടരുമെന്നും സ്വമേധയാ ഈ ആവശ്യത്തിനായി ഭൂമി വിൽക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിനൊടുവിലാണ് ഏറ്റെടുത്ത ഭൂമി വിട്ടുനൽകിയതായി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ വിജ്ഞാപനത്തില്‍ ഉൾപ്പെടുത്തിയ കർശന നിബന്ധനകൾ പുതിയ ചതിയാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഏറ്റെടുക്കലിൽ നിന്ന് ഒഴിവാക്കിയ ഭൂമിയെ ‘സ്ഥിരം കാർഷിക മേഖല’ ആയി പ്രഖ്യാപിച്ചു. കാർഷികേതര ആവശ്യങ്ങൾക്കായി ഈ ഭൂമി വിൽക്കാൻ കർഷകർക്ക് അനുവാദമുണ്ടാകില്ല. ഇത് ഭൂരേഖകളിൽ പ്രത്യേകം രേഖപ്പെടുത്തും. ഭൂമി സ്വമേധയാ വിൽക്കാൻ താല്പര്യമുള്ളവർക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത് കർഷകരെ സ്വമേധയാ ഒഴിഞ്ഞുപോകാന്‍ നിർബന്ധിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃഷിയിലേക്ക് വൻകിട മൂലധനം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥിരം കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുകയെന്ന് വ്യവസായ സെക്രട്ടറി വ്യക്തമാക്കിയത് ചെറുകിട കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. കയറ്റുമതി ഓറിയന്റേഷൻ, കാർഷിക നിക്ഷേപം, ഡിജിറ്റൽ മാർക്കറ്റിങ്, വെയർഹൗസിങ് എന്നിവ ഉൾപ്പെടുന്ന ഒരു കാർഷിക മേഖലയായി ഈ പ്രദേശം വികസിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം നിരുപാധികമായി ഭൂമി വിട്ടുനൽകുക എന്നതല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് കർഷകരുടെ നിലപാട്. പുരോഗമന സംഘടനകളും എഴുത്തുകാരും സംയുക്ത കിസാൻ മോർച്ച പോലുള്ള ദേശീയ സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വിവാദം സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ, 40,000 സർക്കാർ പ്രൈമറി സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നീക്കവും സംവരണ കാര്യത്തിലെ പുതിയ തീരുമാനങ്ങളും സിദ്ധരാമയ്യ കൊട്ടിഘോഷിക്കുന്ന സാമൂഹികനീതി വാഗ്ദാനങ്ങളെ വഞ്ചിക്കുന്നതാണെന്ന് വിവിധ സംഘടനകള്‍ പറയുന്നു. 

Exit mobile version