Site iconSite icon Janayugom Online

എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍: ഹര്‍ജി സുപ്രീം കോടതി തള്ളി

വയനാട് പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉടമകള്‍ ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വില 26.56 കോടി രൂപയായാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇത് അപര്യാപ്തമെന്ന വാദവുമായാണ് എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഭൂമി കൈമാറ്റത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് സുപ്രീം കോടതിയല്ല. ഭൂവില സംബന്ധിച്ച കാര്യത്തില്‍ ബന്ധപ്പെട്ട സംവിധാനങ്ങളെ സമീപിക്കണം. കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തരമായി വാദം കേള്‍ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Exit mobile version