ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ മൂന്നു യുവാക്കാള്‍ മൃഗീയ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടനടി നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാരവന്‍ മാഗസിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയത്. മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന വിവാദമായ ഐടി നിയമത്തിലെ വകുപ്പ് 69 പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്ത പിന്‍വലിക്കാത്തപക്ഷം സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് നോട്ടീസില്‍ പറയുന്നു. 2023 ഡിസംബറില്‍ ജമ്മുവിലെ പൂഞ്ചില്‍ നിന്ന് കരസേന കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കള്‍ ഭീകര മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ലേഖനം കാരവന്‍ മാഗസിന്‍ ഫെബ്രുവരി ഒന്നിനാണ് പ്രസിദ്ധീകരിച്ചത്.
സഫീര്‍ ഹുസൈന്‍, മുഹമ്മദ് ഷൗക്കത്ത്, സബീര്‍ അഹമ്മദ് എന്നീ യുവാക്കളാണ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സൈന്യം ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ലേഖനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത് ലഭിച്ചതായി കാരവന്‍ മാഗസിന്‍ അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് രഹസ്യസ്വഭാവമുള്ളതാണെന്നും നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. ഐടി നിയമത്തിലെ സെക്ഷന്‍ 69 അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് വാര്‍ത്ത നീക്കം ചെയ്യാനാകും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍, ലേഖനങ്ങള്‍ എന്നിവ ഇത്തരത്തില്‍ നീക്കംചെയ്യുകയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യാന്‍ നിയമം വ്യവസ്ഥചെയ്യുന്നു. ഐടി നിയമത്തിലെ വിവാദമായ സെക്ഷന്‍ 69 നെതിരെ നിരവധി മാധ്യമ സ്ഥാപനങ്ങളും സംഘടനകളും നിയമ പോരാട്ടം നടത്തിവരികയാണ്.
english summary;Act on killing of media
you may also like this video: