Site iconSite icon Janayugom Online

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യ വിരുദ്ധം: എഐഎസ്എഫ്

കേരള സർവകലാശാല സെനറ്റ് ഹാളിൽ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എഐഎസ്എഫ്. സെനറ്റ് ഹാൾ ദുരുപയോഗം ചെയ്തതിന്റെ പേരിൽ രജിസ്ട്രാർ കെ എസ് അനിൽ കുമാർ സ്വീകരിച്ച നടപടികളിൽ സിന്‍ഡിക്കേറ്റ് യാതൊരു വിധ വിമർശനങ്ങളും നിലവിൽ ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാൻ കഴിയില്ല. 

ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിലൂടെ സർവകലാശാലകളുടെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാടേ അട്ടിമറിക്കുകയാണ് വൈസ് ചാൻസലർ ചെയ്തിരിക്കുന്നത്. സംഘ്പരിവാറിന്റെ പ്രീതിക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന ഗവർണറുടെ കുഴലൂത്തുകാരനായി വൈസ് ചാൻസലർ അധഃപതിക്കുകയാണെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Exit mobile version