Site iconSite icon Janayugom Online

ബംഗളൂരു – കണ്ണൂർ പ്രതിദിന എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടി; എതിര്‍പ്പമായി ദക്ഷിണ കന്നഡയിലെ യാത്രക്കാരുടെ കൂട്ടായ്മ

മംഗളൂരു വഴിയുള്ള ബംഗളൂരു– കണ്ണൂർ പ്രതിദിന എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടി റെയിൽവേ പുനരാരംഭിച്ചതിന് പിന്നാലെ എതിര്‍പ്പമായി ദക്ഷിണ കന്നഡയിലെ യാത്രക്കാരുടെ കൂട്ടായ്മ രംഗത്തെത്തി. ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് റെയിൽ കൂട്ടായ്മ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ 2024 ജനുവരിയിൽ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നെങ്കിലും കർണാടകയുടെ എതിർപ്പിനെ തുടർന്നു തീരുമാനം പിന്നീട് മരവിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും റെയിൽവേ നടപടി പുനരാരംഭിച്ചതോടെയാണ് കർണാടകയിലെ തീരദേശ യാത്രകൂട്ടായ്മകൾ എതിർപ്പുമായി രംഗത്തെത്തിയത്. 

തീരദേശ മേഖലയെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്നത് ദക്ഷിണ കന്നഡ, ഹാസൻ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വാദം. 2007ൽ ബംഗളൂരു– മംഗളൂരു റൂട്ടിൽ ആരംഭിച്ച ട്രെയിൻ പിന്നീട് കേരളത്തിന്റെ സമ്മർദത്തെ തുടർന്നു കണ്ണൂരിലേക്കു നീട്ടുകയായിരുന്നു. ഇതോടെ മംഗളൂരുവിൽ നിന്നുള്ള റിസർവേഷൻ ക്വോട്ട ഉൾപ്പെടെ വെട്ടിക്കുറച്ചത് തീരദേശജില്ലകളിലെ യാത്രക്കാർക്ക് തിരിച്ചടിയായി. നിലവിലെ ട്രെയിൻ നീട്ടുന്നതിനു പകരം കേരളത്തിലേക്കു പുതിയ ട്രെയിൻ അനുവദിക്കുകയാണ് വേണ്ടതെന്നും കർണാടക പറയുന്നു.

Exit mobile version