Site iconSite icon Janayugom Online

ഓണവിപണിയിൽ സജീവമായി കൈത്തറി മേഖല

പ്രളയവും കോവിഡും സൃഷ്ടിച്ച മുൻവർഷങ്ങളിലെ മാന്ദ്യം മറികടക്കാനുറച്ച് ഓണവിപണിയിൽ കൈത്തറി മേഖല സജീവം. പ്രാഥമിക നെയ്ത്ത് സംഘങ്ങളോടൊപ്പം ഹാൻവീവും ഹാ­­ന്റെക്സുമൊക്കെ അത്യാകർഷകമായ ഉല്പന്നങ്ങൾ ഓണ വിപണിയിലെത്തിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ളവയ്ക്കു പുറമെ പുതു തലമുറയെക്കൂടി ആകർഷിക്കും വിധം ഫാഷൻ ഡിസൈൻമാർ രൂപകല്പന ചെയ്ത നവീന രീതിയിലുള്ളവയും വിപണിയിലെത്തിയിട്ടുണ്ട്. ഇതിനായി, മാസങ്ങൾക്കു മുമ്പ് മുതൽ ഇടവേളകളില്ലാത്ത തൊഴിലിലായിരുന്നു സംസ്ഥാനത്തെ നെ­യ്ത്ത് തൊഴിലാളികൾ. ഓണക്കച്ചവടം പൊടിപൊടിക്കുന്നതിനായി സാധാരണ പതിവുള്ള ഡബിൾ — ഒറ്റ മുണ്ടുകൾക്കും സെറ്റ് സാരി, സാരി, കൈ­ലി തുടങ്ങിയവയ്ക്കു പുറമെ, പുത്തൻ ട്രെന്റിനനുസരിച്ചു ചുരിദാർ സെറ്റ്, സാരി, ഷർട്ട്, ഫർണിഷിങ് തുണിത്തരങ്ങൾ തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ്.

സാധാരണ വസ്ത്രങ്ങൾക്കു പുറമെ, ഉയർന്ന വരുമാനക്കാർക്കു വേണ്ടി പ്രൗഢി എന്ന പേ­രിൽ കൈത്തറി ഉല്പന്നങ്ങളുടെ ഗിഫ്റ്റ് ബോക്സും കമാന്റോ ഷർട്ടുകളും കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച വസ്ത്രങ്ങളും വിപണിയിലെത്തിക്കാനാണ് ഹാൻവീവ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. 2022 — 23 സാമ്പത്തിക വർഷത്തിൽ കൈത്തറി മേഖലയിൽ നിന്ന് 200 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഹാൻവീവ് 40 കോടിയുടെയും ഹാന്റെക്സ് 25 കോടിയുടെയും വില്പനയാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക നെയ്ത്ത് സഹകരണ സംഘങ്ങൾ വഴി സ്വാഭാവിക മാർഗത്തിലൂടെയുള്ള വരുമാനത്തിനു പുറമെ 25 കോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു. സംഘങ്ങളിൽ നിന് ഉല്പന്നങ്ങൾ വാങ്ങി നേരിട്ട് കയറ്റുമതി നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ വേറെയുമുണ്ട്. ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ചില പ്രഖ്യാപനങ്ങൾ നടത്തുന്നതിനപ്പുറം, കയറ്റുമതി വരുമാനത്തിൽ വിലപ്പെട്ട സംഭാവന നൽകുന്ന കൈത്തറി മേഖലയുടെ വളർച്ചയ്ക്കായി ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വിപണിയിൽ 5000 — തൊട്ട് 7000 രൂപ വരെ വിലയുള്ള ബനാറസ് സാരി എന്ന രാജ്യാന്തര ബ്രാന്റ് നെയ്യുന്ന, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഒരു തൊഴിലാളിക്കു കിട്ടുന്ന ദിവസ വരുമാനം നൂറു രൂപയാണ്. അവിടെ കടുത്ത പ്ര­തിസന്ധിയാണ് മേഖല നേരിടുന്നത്.

കേരളത്തിലെ നെയ്ത്തുകാർ നേരിടുന്ന വലിയ വെല്ലുവിളി മേ­ൽത്തരം നൂലിന്റെ ക്ഷാമമാണ്. നൂൽ വരുന്നത് തമിഴ് നാട്ടിൽ നിന്നാണ്. ഇവ വാങ്ങി വിതരണം ചെയ്യാൻ ചുമതലപ്പെട്ട നാഷണൽ ടെക്‌സ്റ്റൈല്‍സ് കോർപ്പറേഷന്റെ ഉദാസീനതയാണ് നൂൽ ക്ഷാമം സൃഷ്ടിക്കുന്നത്. മാസങ്ങൾക്കുമുമ്പ് ഓർഡർ ചെയ്ത നൂലുപോലും ഇതുവരെ വന്നിട്ടില്ലെന്ന് ഒരു നെയ്ത്ത് സഹകരണ സംഘം ഭാരവാഹി പറഞ്ഞു. കേരളത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളാണ് ഈ പരമ്പരാഗത തൊഴിലിനെ പിടിച്ചു നിർത്തുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നെയ്ത്തിൽ സ്ഥിരം തൊഴിലാളികളെ ഉറപ്പിച്ചു നിർത്താൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കൈത്തറി സ്വയം തൊഴിൽ പദ്ധതി, സ്കൂൾ യൂണിഫോം പദ്ധതി, വീട്ടിലൊരു തറി, ജൈവ ഉത്പന്ന വസ്ത്രനിർമ്മാണ പരിശീലനം എന്നിവ അവയിൽ ചിലത്. കൈത്തറി ഉല്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിനുമായി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഡിജിറ്റൽ വില്പന സംവിധാനവും ഒരുങ്ങുന്നുണ്ട്. ഇതോടെ, കയറ്റുമതിയിലും വലിയ നേട്ടമുണ്ടാക്കാനാവും. കൂടുതൽ ക്ലാസുകളിലേക്ക് യൂണിഫോം പദ്ധതി വ്യാപിപ്പിക്കാനും സർക്കാരിന് ഉദ്ദേശ്യമുണ്ട്.

Eng­lish Sum­ma­ry: Active hand­loom sector
You may also like this video

Exit mobile version