Site iconSite icon Janayugom Online

തമിഴ്‌നാട് ഗവര്‍ണറുമായി നടന്‍ രജനീകാന്തിന്റെ കൂടിക്കാഴ്ച; തമിഴ് രാഷ്ട്രീയം ബിജെപിക്കൊപ്പമാക്കാന്‍ ശ്രമം

തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കലഹം തുടരുന്നതിനിടെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി നടന്‍ രജനീകാന്ത്. ഡിഎംകെ സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തെന്നും ഇതേക്കുറിച്ച് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും രജനി പറഞ്ഞു. തമിഴ്‌നാടിന്റെ ജനങ്ങള്‍ക്കായി എന്തുംചെയ്യാന്‍ ഗവര്‍ണര്‍ തയ്യാറാണ്, തമിഴ്‌നാട്ടിലെ ജനങ്ങളുടെ നിഷ്‌കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ രജനി ബിജെപിയെ പിന്തുണക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ദേശീയ വിദ്യാഭ്യാസനയമടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രജനീകാന്തിന്റെ കൂടിക്കാഴ്ച. ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രജനീകാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലടക്കം ബിജെപി സര്‍ക്കാരിനെ പലതവണ രജനി പിന്തുണച്ചിരുന്നു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോള്‍ ഉപദേശകനായി നിയോഗിച്ചത് ബിജെപി ബൗദ്ധികവിഭാഗം സംസ്ഥാന നേതാവിനെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Eng­lish sum­ma­ry; Actor Rajinikanth meets Tamil Nadu Gov­er­nor; Try­ing to align Tamil pol­i­tics with BJP

You may also like this video;

Exit mobile version