നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന് തിരിച്ചടി. മഞ്ജു അടക്കമുള്ള നാല് സാക്ഷികളെ വിസ്തരിയ്ക്കുന്നതിൽ വിലക്കില്ലെന്ന്
സുപ്രീം കോടതി പറഞ്ഞു. എന്നാൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. അതേസമയം ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലാണ്.
വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണം എന്ന അപേക്ഷയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് ദിലീപ് പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവൻ, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി മഞ്ജു ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു.
English Summary;Actress Assault Case; A setback for Dileep, Supreme Court may re-examine witnesses including Manju
You may also like this video