നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജനുവരി 31നകം വിചാരണ കഴിവതും പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം. കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിചാരണ പൂർത്തിയാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ വാദം കേൾക്കലിനിടെ നടിക്ക് വേണ്ടിയും സംസ്ഥാന സർക്കാരിന് വേണ്ടിയും ഹാജരായ അഭിഭാഷകർ വിചാരണ കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിചാരണ നടപടിയുടെ പുരോഗതി റിപ്പോർട്ട് നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് ഹണി എം വർഗീസിന് സുപ്രീം കോടതി നിർദ്ദേശം നൽകി. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ കേസ് ബുധനാഴ്ച കോടതി പരിഗണിക്കുമെന്നും അക്രമത്തിന് ഇരയായ നടി സുപ്രീം കോടതിയെ അറിയിച്ചു.
English Summary: Actress assault case: More time allowed to complete trial
You may also like this video