നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതി മാർട്ടിൻ ആന്റണി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ പങ്കുവച്ച മൂന്ന് പേര്‍ സിറ്റി പൊലീസിന്റെ പിടിയില്‍. തൃശൂരിൽ നിന്നുള്ള രണ്ടുപേരും എറണാകുളം സ്വദേശിയായ ഒരാളുമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മാർട്ടിന്റെ വിഡിയോ ഉപയോഗിച്ച് ഇവർ തങ്ങളുടെ പേജിന്റെ റീച്ച് വർധിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി.
മാർട്ടിന്റെ വിഡിയോ പങ്കുവച്ച ഇരുനൂറിലേറെ ഫെയ്സ്ബുക്ക് പേജുകളും അക്കൗണ്ടുകളും പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിലേറെ പേജുകൾ ഫെയ്സ്ബുക്കിന്റെ സഹായത്തോടെ പൂട്ടിച്ചു. പൊലീസ് നടപടി തുടങ്ങിയതറിഞ്ഞ് പിന്നാലെ നിരവധി പേര്‍ അക്കൗണ്ടുകളിൽ നിന്നു വിഡിയോ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവർക്കെതിരെ ശക്തമായ നിയമ നടപടി തുടരാനാണ് പൊലീസ് തീരുമാനം.

