നടി ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. 30 പേർക്കെതിരെയാണ് ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അശ്ലീല കമന്റുകൾ വന്നത്. ഒരു വ്യക്‌തി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുവെന്ന് ആരോപിച്ച് ഹണി റോസ് പൊലീസിന് പരാതി നൽകിയിരുന്നു.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നുവെന്നും ഹണി റോസ് പറഞ്ഞു.