Site iconSite icon Janayugom Online

മലയാള സിനിമ മാഫിയ സംഘത്തിന്റെ പിടിയിൽ: നടി ജോളി ചിറയത്ത്

jollyjolly

നിർമ്മാതാവിനു പോലും നിയന്ത്രണമില്ലാത്ത വിധം മലയാള സിനിമാമേഖല ഇടനിലക്കാരുടെ മാഫിയാ സംഘത്തിന്റെ കൈപ്പിടിയിലാണെന്ന് ഡബ്ലിയു സി സി അംഗവും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ നടി ജോളി ചിറയത്ത്. അതുകൊണ്ടാണ് ആത്മഹത്യാപരമായ തൊഴിലിടമായി അത് മാറുന്നത്. ഈ തൊഴിലിടത്തിന് യോജിച്ച സേവന വേതന വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദിയുടെ ‘തൊഴിലിടത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ — ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോളി ചിറയത്ത്. 

കേരളത്തിലെ സമസ്ത മേഖലകളിലും നിറഞ്ഞു നിൽക്കുന്നത് പുരുഷ ബോധമാണെന്നും സ്ത്രീകൾ എന്നും പ്രതി പക്ഷത്താണെന്നും ഈ ഘടന പൊളിച്ചെഴുതിയേ തീരൂവെന്നും അവർ പറഞ്ഞു. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷയായി. ഹൈക്കോടതി അഭിഭാഷക അഡ്വ.ടി.ബി. മിനി മുഖ്യ പ്രഭാഷണം നടത്തി. ഇമ്മാനുവൽമെറ്റിൽസ്, സിന്റോ കോങ്കോത്ത്, മേരി തോമസ്, സതി ഇ.സി., നിമ്നഗ, ഫാ.ജോൺ കവലക്കാട്ട്, പി.കെ.ഗണേഷ്, ലതിക ചെങ്ങന്നൂർ, സി.ഐ.നൗഷാദ്, എം.ഒ.മാർട്ടിൻ, കെ.സി.ജയൻ, ജോയ് ജോസഫ്, ജയപ്രകാശ് ഒളരി എന്നിവർ സംസാരിച്ചു.

Exit mobile version