Site iconSite icon Janayugom Online

വിൻഡോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രം’; നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി തൃശൂർ സ്വദേശി കോടതിയിൽ

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന യുവനടി ദിവ്യപ്രഭയുടെ പരാതിയിൽ, ആരോപണ വിധേയൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ സ്വദേശി ആന്റോയാണ് മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. വിൻഡോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് ഉണ്ടായത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താൻ യാത്ര ചെയ്തത്.

സീറ്റുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തതോടെ, എയർഹോസ്റ്റസുമാർ ഇടപെട്ട് തർക്കം പരിഹരിക്കുകയും, നടിക്ക് മറ്റൊരു സീറ്റ് അനുവദിക്കുകയും ചെയ്തതാണെന്നും ആന്റോ ജാമ്യഹർജിയിൽ പറയുന്നു.
മറ്റൊരു തരത്തിലും അപമര്യാദയായി പെരുമാറിയിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരാതി വന്നതെന്നറിയില്ല. വിമാനം മുംബൈയിൽ നിന്നും പുറപ്പെടുന്നതിന് മുമ്പാണ് സീറ്റിനെച്ചൊല്ലി തർക്കം ഉണ്ടായത്.

അതുകൊണ്ടുതന്നെ നെടുമ്പാശ്ശേരി പൊലീസിന്റെ അധികാരപരിധിയിൽ അല്ല സംഭവം നടന്നത്. അതിനാൽ നെടുമ്പാശ്ശേരി പൊലീസിന് കേസെടുക്കാനാകില്ലെന്നും ആന്റോ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും, അതുവരെ അറസ്റ്റ് തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന എയർ ഇന്ത്യ വിമാനത്തിൽ വെച്ചാണ് സഹയാത്രക്കാരന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നാണ് നടി പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

ഇയാൾ മദ്യപിച്ചിരുന്നതായും, തട്ടിക്കയറി സംസാരിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നും നടി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ആന്റോയുടെ മുൻകൂർ ജാമ്യഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.

Eng­lish Sum­ma­ry: actress says pas­sen­ger on flight misbehaved
You may also like this video

Exit mobile version