Site iconSite icon Janayugom Online

തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത്

നെൽവയൽ തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുമായി റവന്യു വകുപ്പ്. ആര്‍ഡിഒ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അദാലത്തുകള്‍ക്ക് 15ന് മാനന്തവാടിയില്‍ തുടക്കമാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ള ഫോർട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലാണ് ഫെബ്രുവരി 17ന് അവസാനത്തെ അദാലത്ത്. മുഴുവൻ അദാലത്തുകളിലും മന്ത്രി നേരിട്ട് പങ്കെടുക്കും. ആദ്യഘട്ടം എന്ന നിലയിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് തീർപ്പാക്കുന്നത്. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അർഹതയുളളത്. 

2023 ഡിസംബർ വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. ഇതുവരെ 1,18,253 അപേക്ഷകളാണ് തീർപ്പാക്കാനുളളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്ക് എസ്എംഎസ് ആയി അയയ്ക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ അവരുടെ നമ്പരാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ പ്രസ്തുത നമ്പരിലേക്ക് ആയിരിക്കും സന്ദേശം ലഭിക്കുക. അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകൾ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കി അദാലത്തിൽ പങ്കെടുക്കേണ്ടതാണെന്നും റവന്യു മന്ത്രി പറഞ്ഞു. 

അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തരംമാറ്റ ഉത്തരവുകൾ അന്നേ ദിവസം തന്നെ വിതരണം ചെയ്യും.
തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും പ്രധാനം വില്ലേജ് ഓഫിസർമാർ നടത്തുന്ന സ്ഥല പരിശോധനയാണ്. അദാലത്ത് ആവശ്യത്തിനായി മാത്രം അപേക്ഷകളുടെ മുൻഗണനാ സംവിധാനം ഒഴിവാക്കി ക്ലസ്റ്റർ അടിസ്ഥാനത്തിൽ അപേക്ഷകൾ തരംതിരിച്ച്, പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിന് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

You may also like this video

Exit mobile version