Site iconSite icon Janayugom Online

ഭൂമി തരംമാറ്റ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാക്കാന്‍ അദാലത്ത്: മന്ത്രി കെ രാജൻ

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് ഒക്ടോബർ 25 മുതൽ നവംബർ 10 വരെ സംസ്ഥാനത്തെ 71 കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒറ്റപ്പാലം 2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനവും ഒറ്റപ്പാലം-പട്ടാമ്പി താലൂക്ക് തല പട്ടയമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും 2026ന് മുൻപ് കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൈയിലുള്ള അധിക ഭൂമി പരസ്പര സമ്മതത്തോടെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും പട്ടയ മിഷൻ വഴി റവന്യൂ വകുപ്പിന് കഴിയുന്നുണ്ടെന്നും ഇത്തരത്തിൽ ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് ഒറ്റപ്പാലം കോടതിക്ക് നൽകിയതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടി സെപ്റ്റംബർ 22ന് പൂർത്തിയാമ്പോൾ 3374 പട്ടയം ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ വിതരണം ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പാലം സിഎസ്എൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പി മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ. എസ് ചിത്ര, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ ജാനകി ദേവി, ഒറ്റപ്പാലം സബ് കളക്ടർ ഡോ മിഥുൻ പ്രേംരാജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version