Site iconSite icon Janayugom Online

കല്‍ക്കരി ഖനനത്തിനായി നിബിഡ വനവും അഡാനിക്ക് തീറെഴുതി

coalcoal

പരിസ്ഥിതി ആഘാതമുണ്ടാകാവുന്ന തരത്തില്‍ രാജ്യത്തെ നിബിഡവനവും കല്‍ക്കരി ഖനനത്തിന് അഡാനി ഗ്രൂപ്പിന് കൈമാറി മോഡി സര്‍ക്കാര്‍. കേന്ദ്ര കല്‍ക്കരി മന്ത്രാലയമാണ് പരിസ്ഥിതിക്കും വനങ്ങള്‍ക്കും നാശം വിതയ്ക്കുന്ന തരത്തില്‍ വനത്തിലെ കല്‍ക്കരി ഖനനം അഡാനി കമ്പനിക്ക് തീറെഴുതാനുള്ള തീരുമാനമെടുത്തത്. 

മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വനങ്ങളില്‍ രണ്ട് കല്‍ക്കരി പാടങ്ങളാണ് അഡാനി കമ്പനിക്ക് അടിയറവയ്ക്കുന്നത്. മധ്യപ്രദേശിലെ സിംഗ്രൗളി, ഛത്തീസ്ഗഡിലെ ഹസ്ഡോ ആരന്റ് കല്‍ക്കരി പാടങ്ങളാണ് അഡാനി കമ്പനിക്ക് വിട്ടുനല്‍കിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിയോജിപ്പ് അവഗണിച്ചാണ് കല്‍ക്കരി മന്ത്രാലയം അഡാനിക്ക് അനുകൂലമായ തീരുമാനമെടുത്തത്.
രാജ്യത്തെ 15 കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ നല്‍കാനുള്ള 2018ലെ തീരുമാനമനുസരിച്ച് പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒഴിവാക്കിയ രണ്ട് നിബിഡ വനമേഖലകളാണ് കൈമാറിയിരിക്കുന്നത്. ജൈവവൈവിധ്യം നിറഞ്ഞതും പരിസ്ഥിതിലോലവുമായി പ്രഖ്യാപിച്ച മേഖലയാണ് ഇത്. 

സെന്‍ട്രല്‍ മൈന്‍ പ്ലാനിങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശമനുസരിച്ച് 15 കല്‍ക്കരിപ്പാടങ്ങളില്‍ വനങ്ങള്‍ക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ല എന്നിരിക്കെയാണ് വഴിവിട്ട് ഖനനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. കല്‍ക്കരി മന്ത്രാലയത്തിന്റെ ഭാഗമായ സ്ഥാപനം നല്‍കിയ മുന്നിറിയിപ്പ് അവഗണിച്ചാണ് കല്‍ക്കരി മന്ത്രാലയം വനത്തെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിക്കുന്ന വിധത്തിലുള്ള തീരുമാനം എടുത്തത്. 

Eng­lish Sum­ma­ry: Adani also cleared dense for­est for coal mining

You may also like this video

Exit mobile version