Site icon Janayugom Online

അഡാനി സാമ്രാജ്യത്തകര്‍ച്ച; വിഴിഞ്ഞത്തെ ബാധിച്ചേക്കും

vizhinjam

ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപസമാഹരണത്തട്ടിപ്പില്‍ കുടുങ്ങിയ കോര്‍പറേറ്റ് ഭീമന്‍ അഡാനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക. മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മ്മാണ പൂര്‍ത്തീകരണം അഡാനി സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം.

ഒരു ലക്ഷം കോടിയിലധികം നിക്ഷേപിച്ച് അംബുജ സിമന്റ്സ് മുതല്‍ എന്‍ഡിടിവി വരെ സ്വന്തമാക്കിയ അഡാനി പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഇപ്പോള്‍ 2.8 ലക്ഷം കോടിയിലധികം കടത്തിലാണ്. ഈ കണക്ക് വരും ദിവസങ്ങളില്‍ കുതിച്ചു കയറാനാണ് സാധ്യത. തട്ടിക്കൂട്ടു കമ്പനികളില്‍ നിക്ഷേപിച്ച് തട്ടിപ്പു നടത്തിയെന്നും ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് ഗവേഷണം സ്ഥാപനം കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ അഡാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 92,000 കോടിയുടെ നഷ്ടമാണുണ്ടായത്. അഡാനി ഗ്രൂപ്പ് ആരംഭിച്ച അധികനിക്ഷേപ സമാഹരണത്തില്‍ 40,000 കോടിയാണ് ലക്ഷ്യമിട്ടതെങ്കില്‍ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും നഷ്ടമാണു കൊയ്തത്. നഷ്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഡാനി പവറിനു തൊട്ടുപിന്നില്‍ നില്‍ക്കുന്നത അഡാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ അഡാനി പോര്‍ട്സ് ആന്റ് ഇക്കണോമിക് ഫ്രീ സോണ്‍ കമ്പനിയാണ്. 31 വരെ നിക്ഷേപസമാഹരണം നടക്കുമെങ്കിലും ലക്ഷ്യത്തിനടുത്തെങ്ങും എത്തില്ലെന്നുറപ്പാണ്. 

അഡാനി പോര്‍ട്സ് കമ്പനിക്കുണ്ടാകുന്ന ഭീമന്‍ നഷ്ടത്തിനിടയില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വൈകുകമാത്രമല്ല വൈകിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.
2015 ഓഗസ്റ്റ് 17ന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അഡാനി പോര്‍ട്സ് തമ്മില്‍ വിഴിഞ്ഞം കരാര്‍ ഒപ്പുവയ്ക്കമ്പോള്‍ 7,700 കോടി രൂപ മുതല്‍മുടക്കുള്ള ഈ പദ്ധതി 1460 ദിവസം കൊണ്ട് 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. പൂര്‍ത്തിയാക്കുന്നത് വൈകുമ്പോള്‍ ദിവസമൊന്നിന് 12 ലക്ഷം രൂപ അഡാനി ഗ്രൂപ്പ് നഷ്ടപരിഹാരമായി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല.
തുടക്കം മുതല്‍ തന്നെ പദ്ധതി വൈകിപ്പിക്കാന്‍ അഡാനി ഗ്രൂപ്പ് ഗൂഢാലോചന മെനഞ്ഞുവെന്ന് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടലിനുള്ളിലേക്ക് 3.1 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ഘടകം. ഇതുവരെ നടന്നത് 1.22 കിലോമീറ്റര്‍ മാത്രം. ബ്രേക്ക് വാട്ടറിന്റെ പകുതിയിലേറെ ഇനിയും പണിതീരാനുണ്ട്. പദ്ധതിയുടെ ആവശ്യത്തിനു വേണ്ടത് 70 ലക്ഷം ടണ്‍ കരിങ്കല്ലാണ്. കരിങ്കല്‍‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ അഡാനി ഗ്രൂപ്പുതന്നെ ശേഖരിക്കുമെന്നായിരുന്നു കരാര്‍. അതും ലംഘിച്ച് കരിങ്കല്‍ ക്ഷാമമെന്നു മുറവിളികൂട്ടിയപ്പോള്‍ അഡാനിക്ക് ആനപരിപാലന കേന്ദ്രത്തിലും കടുവാസംരക്ഷണ കേന്ദ്രത്തിലുമടക്കം പരിസ്ഥിതി ദുര്‍ബലമേഖലകളില്‍പ്പോലുമായി 13 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആറെണ്ണം കൂടി അനുവദിക്കാനും തീരുമാനമായി. 

കടലില്‍ നിന്നും 53 ഹെക്ടര്‍ ഭൂമി വീണ്ടെടുക്കുന്നതും പദ്ധതിയുടെ പ്രധാന ഭാഗമാണ്. വീണ്ടെടുത്തത് 33 ഹെക്ടര്‍ മാത്രം. ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ശേഷിക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പു നടക്കൂ. കടലാക്രമണ പ്രതിരോധത്തിനുള്ള 2055 മീറ്റര്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതും പാതിവഴിയില്‍. ഇതിനെല്ലാമിടയിലാണ് അഡാനി പോര്‍ട്സ് കമ്പനിയടക്കം അഡാനി സാമ്രാജ്യത്തിലെ പത്തു കമ്പനികള്‍ തകര്‍ന്നടിയുന്ന വാര്‍ത്ത ഓഹരി വിപണിയില്‍ നിന്ന് ആര്‍ത്തലച്ചെത്തുന്നത്.

Eng­lish Sum­ma­ry: Adani empire col­lapse; May affect the Vizhinjam

You may like this video also

Exit mobile version