Site icon Janayugom Online

അഡാനി എഫ്‌പിഒ പാളി; വില്പന ഒരു ശതമാനം മാത്രം

രാജ്യത്തെ തന്നെ ഏറ്റവും വലിയ എഫ്‌പിഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍) യുമായി രംഗത്തെത്തിയ അഡാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ തുടരുന്നു. ആകെ ഒരു ശതമാനം മാത്രം വിറ്റഴിഞ്ഞ എഫ്‌പിഒ മൂന്നുദിവസംകൂടി നീട്ടാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് സൂചന.
അഡാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അഡാനി എന്റര്‍പ്രൈസിന്റെ എഫ്‌പിഒയിലൂടെ 4.55 കോടി ഓഹരികളുടെ വില്പന ലക്ഷ്യമിട്ടിരുന്നു. 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എഫ്‌പിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും മോശം പ്രതികരണമാണ് ആദ്യദിനം ലഭിച്ചത്. 4.7 ലക്ഷം അഥവാ ഒരു ശതമാനത്തോളം ഓഹരികള്‍ മാത്രമാണ് ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. എഫ്‌പിഒയില്‍ ഓഹരി ഒന്നിന് 3,112 ‑3,276 രൂപ പ്രൈസ് ബാന്‍ഡിലാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഓഹരികള്‍ 2,762.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഡാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരി വിലകള്‍ വലിയതോതില്‍ കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു.

അഡാനി കമ്പനികളുടെ ഓഹരിമൂല്യം 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഡാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,985 കോടി രൂപ സമാഹരിച്ചിരുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 2.29 കോടി ഓഹരികളാണ് എഫ്‌പിഒയില്‍ മാറ്റി വച്ചിരുന്നത്. ഇതില്‍ നാലുലക്ഷം ഓഹരികളാണ് ആദ്യ ദിനത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കായി 1.28 കോടി ഓഹരികള്‍ നീക്കി വച്ചതില്‍ 2,656 ഓഹരികള്‍ മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇതര നിക്ഷേപകര്‍ക്കായി 96.16 ലക്ഷം ഓഹരികള്‍ നീക്കി വച്ചതില്‍ 60456 ഓഹരികളും സബ്‌സ്‌ക്രൈബ് ചെയ്തു. ജനുവരി 31 നാണ് എഫ്‌പിഒ അവസാനിക്കുന്നത്. ഇത് മൂന്നുദിവസം കൂടി നീട്ടാനാണ് കമ്പനി ആലോചിക്കുന്നത്. 

എഫ്‌പിഒയിലൂടെ സമാഹരിക്കുന്ന 20,000 കോടി രൂപയില്‍ 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്കും, എയര്‍പോര്‍ട്ട്, റോഡ് നിര്‍മ്മാണം എന്നിവയ്ക്കായി വിനിയോഗിക്കും. ശേഷിക്കുന്ന 4,165 കോടി രൂപ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായും വിനിയോഗിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Adani FPO col­lapsed; Sales are only one percent

You may like this video also

Exit mobile version