ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടർന്ന് അഡാനി ഗ്രൂപ്പിനെതിരേ യുഎസില്‍ അന്വേഷണം. കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസിലെ സ്ഥാപന നിക്ഷേപകരോട് ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിലുള്ള യുഎസ് അറ്റോർണി ഓഫീസ് വിവരങ്ങള്‍ തേടി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അഡാനി ഗ്രൂപ്പിന്റെ ഓഹരിവിലയില്‍ വന്‍ ഇടിവുണ്ടായി. അഡാനി എന്റര്‍പ്രൈസസ് വ്യാപാരത്തിനിടെ 9.6 ശതമാനം വരെ ഇടിവ് നേരിട്ടു.
അഡാനി ഗ്രൂപ്പ് നിക്ഷേപകരോട് എന്താണ് പറഞ്ഞിട്ടുള്ളത് എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണങ്ങള്‍. ഇന്ത്യയില്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോര്‍ഡും സമാനമായ അന്വേഷണം അഡാനി ഗ്രൂപ്പിനെതിരേ നടത്തുന്നുണ്ട്. നിയമ നിർവ്വഹണ ഏജൻസികൾ പലപ്പോഴും ഇത്തരം വിവരശേഖരണം നടത്താറുണ്ടെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ അല്ലെങ്കിൽ സിവിൽ നടപടികൾ ഫയൽ ചെയ്യുന്നതിലേക്ക് നീങ്ങണമെന്നില്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അഡാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളുടെ വിലയില്‍ ദീർഘകാലമായി കൃത്രിമത്വം നടത്തുന്നുവെന്നും അക്കൗണ്ടിങ് വഞ്ചന ഉണ്ടെന്നുമായിരുന്നു ഹിൻഡൻബർഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണം പുറത്തുവന്നിരിക്കുന്നത്. മോഡിയുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന വ്യാവസായിക പ്രമുഖരില്‍ ഒരാളാണ് ഗൗതം അഡാനി. ഗുജറാത്തില്‍ നിന്നുള്ള അഡാനി ഗ്രൂപ്പിന്റെ മുന്നേറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വലിയ സഹായം ലഭിച്ചതായാണ് വിലയിരുത്തല്‍.
സെബി അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ഓഗസ്റ്റ് 14 വരെയാണ് സുപ്രീം കോടതി സമയം നല്‍കിയിട്ടുള്ളത്. ജൂലൈ 11ന് ഇതുസംബന്ധിച്ച കേസില്‍ സൂപ്രീംകോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ലഭിക്കുന്നത് 11 വിദേശ റെഗുലേറ്റർമാരെ സമീപിച്ചിട്ടുള്ളതായി സെബി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.