Site iconSite icon Janayugom Online

വിഴിഞ്ഞം ടിപ്പറപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണ് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.

19നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പർലോറിയിൽനിന്ന്‌ കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ്‌ വിദ്യാർഥിയായ മുക്കോല കാഞ്ഞിരംവിള അനന്തു ഭവനിൽ അനന്തു മരിച്ചത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഡെന്റൽ കോളേജിലെ നാലാം വർഷ വിദ്യാർഥിയായ അനന്തു കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ബാലരാമപുരം ഭാഗത്തേക്ക് പോകവേ എതിരെ വന്ന ലോറിയിൽനിന്നാണ്‌ കരിങ്കല്ല്‌ വീണത്‌.

അനന്തു ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ തലയിലും നെഞ്ചിലുമായി കരിങ്കല്ലു പതിച്ചതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ചു. തലയ്ക്കും വാരിയെല്ലിനുമേറ്റ പരിക്കാണ് മരണകാരണം. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

Eng­lish Sum­ma­ry: Adani Group pro­vide finan­cial assis­tance of Rs 1 crore to the fam­i­ly of bds stu­dent Ananthu
You may also like this video

Exit mobile version