അഡാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീം കോടതി. നേരത്തെ സെബി റിപ്പോര്‍ട്ടില്‍ അഡാനി ഗ്രൂപ്പിന് പിഴയടച്ച് രക്ഷപെടാനുള്ള ക്രമക്കേടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് 14ന് സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 ദിവസം കൂടി സമയം ചോദിച്ച സെബി ഓഗസ്റ്റ് 25ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഓഹരി വിലയില്‍ കൃത്രിമം കാണിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്ന ആരോപണവുമുണ്ടായിരുന്നു. ഇന്‍സൈഡര്‍ ട്രേഡിങ്ങ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണവും അഡാനിയും ബിസിനസ് ഗ്രൂപ്പ് നേരിടുന്നുണ്ട്. ഈ വിഷയത്തില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയായതായി സെബി സുപ്രീം കോടതിയെ അറിയിച്ചു.
അഡാനി ഗ്രൂപ്പിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങള്‍ മൊത്തത്തില്‍ നടന്നിരുന്നു. ഇതില്‍ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്ന് സെബി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അഞ്ച് വിദേശരാജ്യങ്ങളില്‍ നിന്ന് ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുറമുഖ- വൈദ്യുത പദ്ധതികള്‍ വഴി സ്വരുപിച്ച ഫണ്ടുകള്‍ അഡാനി കമ്പനി വകമാറ്റി ചെലവഴിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്. ചില കമ്പനികളില്‍ ഓഫ്ഷോര്‍ ഫണ്ടുകള്‍ കൈവശം വച്ചിരിക്കുന്നത് നിയമവിധേയമായല്ല. ഇന്ത്യന്‍ കമ്പനികളില്‍ വിദേശ കമ്പനികള്‍ക്ക് പത്ത് ശതമാനം തുക മാത്രം നിക്ഷേപിക്കാന്‍ അധികാരമുള്ള സ്ഥാനത്ത് അഡാനി കമ്പനികളില്‍ നിശ്ചിത ശതമാനം തുകയേക്കാള്‍ പലമടങ്ങ് നിക്ഷേപം പരിധി ലംഘിച്ച് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇവയെല്ലാം ഒരു കോടി രൂപവരെ പിഴയടച്ച് തലയൂരാന്‍ കഴിയുന്നവയാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും വിദേശ സ്ഥാപന നിക്ഷേപകരും ഉള്‍പ്പെടെ 12 കമ്പനികളാണ് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ ഹ്രസ്വകാല വിറ്റഴിക്കലിലെ ഏറ്റവും ഉയര്‍ന്ന ഗുണഭോക്താക്കളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഹരികള്‍ വില്‍ക്കാന്‍ കടമെടുക്കുകയും പിന്നീട് വില കുറയുമ്പോള്‍ തിരികെ വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഷോര്‍ട്ട് സെല്ലിങ് അഥവാ ഹ്രസ്വകാല വിറ്റഴിക്കല്‍. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതെന്നും സെബി അന്വേഷണത്തില്‍ കണ്ടെത്തി.
English Summary: Adani-Hindenburg Row: Supreme Court postpones hearing
You may also like this video
You may also like this video