Site iconSite icon Janayugom Online

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അഡാനിക്ക് പണമൊഴുകി

തുടര്‍ച്ചയായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ വലയുന്ന അഡാനി ഗ്രൂപ്പിനെ രക്ഷിക്കാന്‍ പണമൊഴുക്കി ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍. ആഭ്യന്തര ബാങ്കുകള്‍ക്കും ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അഡാനിയുടെ കടബാധ്യതകളിലുള്ള പങ്ക് മൊത്തം കടത്തിന്റെ 36 ശതമാനമായി ഉയര്‍ന്നു. 2.41 ലക്ഷം കോടി രൂപയാണ് നിലവില്‍ അഡാനി കമ്പനികളുടെ ആകെ കടം. മുന്‍ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം കൂടി. 2023 മാർച്ച് 31 വരെ 2.27 ലക്ഷം കോടിയായിരുന്നു ബാധ്യത. അന്ന് ഏകദേശം 31 ശതമാനമായിരുന്നു ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അഡാനി ഗ്രൂപ്പിന്റെ കടത്തിലെ പങ്കാളിത്തം. നിലവില്‍ 88,100 കോടിയുടെ വായ്പകള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. മുന്‍ വര്‍ഷത്തെ 70,213 കോടിയെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ വര്‍ധന.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ അഡാനി ഗ്രൂപ്പിനുള്ള വായ്പ കഴിഞ്ഞവര്‍ഷം വർധിപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മൂലധന വിപണിയിൽ നിന്നുള്ള ഗ്രൂപ്പിന്റെ കടം കഴിഞ്ഞ സാമ്പത്തിക വർഷം 11,562 കോടി രൂപയിൽ നിന്ന് 2024 മാർച്ചോടെ 12,404 കോടി രൂപയായും വര്‍ധിച്ചു.
അതേസമയം ആഗോള ബാങ്കുകളിൽ നിന്നുള്ള കടം ഒരു വർഷം മുമ്പുള്ള 63,781 കോടി രൂപയിൽ നിന്ന് മാർച്ച് അവസാനത്തോടെ 63,296 കോടിയായി കുറഞ്ഞു, ആഗോള മൂലധന വിപണിയിൽ നിന്നുള്ള കടം ഇതേ കാലയളവിൽ 72,794 കോടിയിൽ നിന്ന് 69,019 കോടിയായും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നാലെ അഡാനിയുടെ വിശ്വാസ്യതയില്‍ സംശയമുയര്‍ന്നതോടെ വിദേശകടം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇക്കാരണത്താല്‍ ആഭ്യന്തര ബാങ്കുകളെ ആശ്രയിക്കാന്‍ അഡാനി നിര്‍ബന്ധിതമാവുകയായിരുന്നു.

അഡാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചുവെന്ന് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ഓഹരികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. തുടര്‍ന്ന് വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി കമ്പനി ഏതാനും വായ്പകള്‍ നേരത്തെ അടച്ചുതീര്‍ത്തിരുന്നു. ഇതിന് വേണ്ടി വിദേശബാങ്കുകളില്‍ നിന്നും കടമെടുത്തു. തുടര്‍ന്ന് വിദേശബാങ്കുകളിലെ കടം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് വീട്ടുകയായിരുന്നു.
അതേസമയം അഡാനി പവര്‍, അംബുജ സിമന്റ്സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വില്‍ക്കാന്‍ അഡാനി ഗ്രൂപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ് കടം കുറയ്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ജൂണിലെ കണക്ക് പ്രകാരം അഡാനി പവറില്‍ 72.71 ശതമാനവും അംബുജ സിമന്റ്‌സില്‍ 70.33 ശതമാനവും ഓഹരി പങ്കാളിത്തം അഡാനിക്കുണ്ട്. ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ ഫോര്‍ സെയിലൂടെയോ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ കൈമാറുമെന്നാണ് സൂചനകള്‍. 

Exit mobile version