Site iconSite icon Janayugom Online

അഡാനിക്കുള്ള യുഎസ് സമൻസ് കേന്ദ്രം രണ്ടുതവണ തടഞ്ഞു

അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി, മരുമകൻ സാഗർ അഡാനി എന്നിവർക്ക് അമേരിക്കൻ ഏജൻസിയായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) അയച്ച ഔദ്യോഗിക സമൻസ് കൈമാറാൻ കേന്ദ്ര നിയമ മന്ത്രാലയം വിസമ്മതിച്ചത് രണ്ടുതവണ. സാങ്കേതിക കാരണങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും ചൂണ്ടിക്കാട്ടി യാണ് മന്ത്രാലയം ഈ ആവശ്യം നിരസിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സൗരോര്‍ജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് അഡാനിമാർക്കെതിരെയുള്ള ആരോപണം. 

എന്നാല്‍ യുഎസ് ഏജൻസിയുടെ കവറിങ് ലെറ്ററിൽ മഷി കൊണ്ടുള്ള ഒപ്പില്ലെന്നും ഔദ്യോഗിക സീൽ പതിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വാദിച്ചു. അന്താരാഷ്ട്ര തലത്തിൽ സമൻസ് അയക്കുന്നതിനുള്ള ‘ഹേഗ് കൺവെൻഷൻ’ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഇന്ത്യ വാദിക്കുന്നു. രേഖകൾ കൃത്യമായ നിയമ വിഭാഗത്തിൽ വരുന്നില്ലെന്നും മന്ത്രാലയം ഡിസംബറിൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്. ഇന്ത്യൻ ഭരണകൂടം സഹകരിക്കാത്ത സാഹചര്യത്തിൽ, സാധാരണ നയതന്ത്ര രീതികൾ ഒഴിവാക്കി ഇമെയിൽ വഴി നേരിട്ട് സമൻസ് അയക്കാൻ അനുമതി തേടി യുഎസ് ഏജൻസി ന്യൂയോർക്ക് കോടതിയെ സമീപിച്ചിട്ടുണ്ട്. 14 മാസമായി തുടരുന്ന ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ അസാധാരണ നീക്കം. ഹേഗ് കൺവെൻഷൻ പ്രകാരം സീലോ മഷി കൊണ്ടുള്ള ഒപ്പോ നിർബന്ധമല്ലെന്നാണ് യുഎസ് ഏജൻസിയുടെ നിലപാട്. 

ഈ വാർത്ത പുറത്തുവന്നതോടെ അഡാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ ഇടിവാണുണ്ടായത്. അഡാനി ഗ്രീൻ എനർജി 14% വരെ ഇടിഞ്ഞു. അഡാനി എന്റർപ്രൈസസ് 11% ഇടിവ് രേഖപ്പെടുത്തി. ഒറ്റദിവസം കൊണ്ട് ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അഡാനി ഗ്രൂപ്പ് ആവർത്തിച്ചു. യുഎസിലെ നടപടികൾ സിവിൽ സ്വഭാവമുള്ളതാണെന്നും അഴിമതി ആരോപണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും അഡാനി ഗ്രീൻ എനർജി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. നിയമപരമായി നേരിടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

Exit mobile version